“ഈ വാർത്ത ഏറെ വേദനിപ്പിക്കുന്നു”; സന്തോഷ് നായരുടെ വേർപാടിൽ സുരാജ്

','

' ); } ?>

നടൻ സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ സുരാജ് വെഞ്ഞാറമ്മൂട്. സന്തോഷ് നായരുടെ വിയോഗവാർത്ത ഏറെ വേദനിപ്പിക്കുന്നതാണെന്നും മലയാള സിനിമയ്ക്ക് ഒരു വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് സുരാജ് തന്റെ പ്രിയ സഹപ്രവർത്തകനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.

താൻ സിനിമയിൽ തുടക്കക്കാരനായിരുന്ന കാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിനിന്നിരുന്ന വ്യക്തിയായിരുന്നു സന്തോഷ് നായരെന്ന് സുരാജ് അനുസ്മരിച്ചു. “ഞാൻ സിനിമയിൽ വരുന്ന കാലത്തൊക്കെ അദ്ദേഹം വില്ലൻ വേഷങ്ങളിൽ സജീവമായിരുന്നു. പിന്നീട് അദ്ദേഹത്തോടൊപ്പം അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ഇത്രയും രസികനായ ഒരാളായിരുന്നു ഇദ്ദേഹമെന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്. എപ്പോഴും എന്തെങ്കിലും തമാശകൾ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്,” സുരാജ് കുറിച്ചു.

അവസാനമായി ഇരുവരും ഒന്നിച്ചഭിനയിച്ച ‘മോഹിനിയാട്ടം’ എന്ന സിനിമയുടെ സെറ്റിലെ ഓർമ്മകളും സുരാജ് പങ്കുവെച്ചു. ആ ചിത്രത്തിന്റെ സെറ്റിലും തമാശകൾ പങ്കുവെച്ച് പൊട്ടിച്ചിരികളുമായി സന്തോഷ് നായർ കൂടെയുണ്ടായിരുന്നുവെന്നും അത്യധികം വേദനയോടെ അദ്ദേഹത്തിന് വിട നൽകുന്നുവെന്നും സുരാജ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് നായർ അന്തരിച്ചത്. നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വില്ലൻ, സ്വഭാവ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

മോഹൻലാലും സുരേഷ്ഗോപിയുമടക്കം നിരവധി താരങ്ങളാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് നായരുടെ അപ്രതീക്ഷിത വേർപാട്. സന്തോഷ് നായരും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭ്രശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്