സൂപ്പർ മാൻ മുതൽ ഓസ്‌കാർ വരെ; മലയാളം കണ്ട ബേസിൽ മാജിക്സ്

','

' ); } ?>

നടനായും, സംവിധായകനായും മലയാളി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത പ്രതിഭയാണ് ബേസിൽ ജോസഫ്. സഹതാരമായി വന്ന് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമ ലോകത്ത് തന്റേതായൊരു നേടിയെടുക്കാൻ ബേസിലിനു സാധിച്ചു. എൻജിനീയറിങ് ബിരുദവും കയ്യിലേന്തി സിനിമയെന്ന മരീചികയ്ക്ക് പിന്നാലെ പോകുമ്പോൾ ബേസിലിന്റെ പക്കൽ വലിയ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇൻഫോപാർക്കിലെ ജോലി ഉപേക്ഷിച്ച് സിനിമയുടെ ലോകത്തേക്ക് ഇറങ്ങിയപ്പോൾ പലരും നെറ്റിചുളിച്ചിട്ടുണ്ടാകാം,

എന്നാൽ കാലം കരുതിവെച്ചത് മറ്റൊരു വിധിപുസ്തകമായിരുന്നു. ‘പ്രിയംവദ കാതൽപുരം’ എന്ന ഹ്രസ്വചിത്രത്തിലൂടെ സോഷ്യൽ മീഡിയയുടെ കൈയടി വാങ്ങി തുടങ്ങിയ ആ യാത്ര, ഇന്ന് ഏഷ്യൻ അക്കാദമി അവാർഡിന്റെ ആഗോള വേദിയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം മലയാളത്തിന് നേടിത്തരുന്നിടം വരെ എത്തിനിൽക്കുന്നു എന്നത് ആ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കലാകാരന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

ബേസിലിന്റെ സിനിമകൾക്ക് എന്നും ഒരു ‘ഗ്രാമീണ ശുദ്ധി’യുണ്ട്. കവലയിലെ ചായക്കടയിൽ ഇരുന്നു നമ്മൾ കേൾക്കുന്ന തമാശകളെ അതിന്റെ എല്ലാ നൈസർഗികതയോടും കൂടി വെള്ളിത്തിരയിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. കുഞ്ഞിരാമായണത്തിലെ ‘ദേശവും’ അവിടുത്തെ വിചിത്രമായ മനുഷ്യരും മലയാളികൾക്ക് നൽകിയ നർമ്മത്തിന്റെ മരുന്നിന് ഇന്നും വീര്യമേറെയാണ്. പിന്നീട് വന്ന ‘ഗോദ’യിലൂടെ സ്പോർട്സ് ഡ്രാമയെ വൈകാരികമായി സമീപിച്ച അദ്ദേഹം,

‘മിന്നൽ മുരളി’യിലൂടെ മലയാള സിനിമയുടെ പരിമിതികളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തി. ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കുമ്പോൾ വമ്പൻ ആക്ഷൻ രംഗങ്ങളേക്കാൾ ഉപരിയായി, ആ കഥാപാത്രത്തിന്റെ വൈകാരികമായ അടിത്തറയ്ക്ക് ബേസിൽ നൽകിയ പ്രാധാന്യമാണ് ആ ചിത്രത്തെ ലോകശ്രദ്ധയിലേക്ക് എത്തിച്ചത്. അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഹീറോയല്ല, മറിച്ച് നമുക്കിടയിലുള്ള ഒരു സാധാരണക്കാരൻ അമാനുഷിക ശക്തി ലഭിക്കുമ്പോൾ എങ്ങനെ പെരുമാറുന്നു എന്ന കൃത്യമായ നിരീക്ഷണം ബേസിലിനെ ഒരു ക്രാഫ്റ്റ്‌സ്മാൻ എന്ന നിലയിൽ അടയാളപ്പെടുത്തി.

സംവിധാനത്തിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയപ്പോഴും ബേസിൽ എന്ന കലാകാരൻ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. തനിക്ക് വഴങ്ങാത്ത വേഷങ്ങളില്ലെന്ന് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം തെളിയിച്ചു. ‘ജാനേമൻ’ എന്ന ചിത്രത്തിലെ നിസ്സഹായനായ യുവാവായാലും, ‘ജയ ജയ ജയ ജയ ഹേ’യിലെ പുരുഷാധിപത്യത്തിന്റെ ചിഹ്നമായ ഭർത്താവായാലും ബേസിൽ ആ കഥാപാത്രങ്ങളെ അത്രമേൽ സ്വാഭാവികമായാണ് കൈകാര്യം ചെയ്തത്.

മലയാളിയുടെ ശരാശരി ആകുലതകളും ജാള്യതകളും ഭയങ്ങളും സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനുള്ള പ്രത്യേക കഴിവ് മലയാള സിനിമയിലെ മുൻനിര നടന്മാരുടെ നിരയിലേക്ക് അദ്ദേഹത്തെ പ്രതിഷ്ഠിച്ചു. ഒരു വലിയ താരപരിവേഷത്തിന്റെ ഭാരമില്ലാതെ, ഏത് വേഷത്തിലും ഇണങ്ങുന്ന ആ രൂപം മലയാള സിനിമയുടെ പുതിയ വാണിജ്യ സാധ്യത കൂടിയായി മാറി. ബേസിൽ സ്ക്രീനിൽ വരുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ഒരു ആശ്വാസമുണ്ട്, അതൊരിക്കലും വെറുപ്പിക്കില്ല എന്ന ഉറപ്പാണ് ആ കലാകാരനോടുള്ള സ്നേഹമായി മാറുന്നത്.

തന്റെ വിജയങ്ങളെല്ലാം സൗഹൃദങ്ങളുടെയും കൂട്ടായ്മയുടെയും ഫലമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ബേസിൽ. സിനിമയോടുള്ള അഭിനിവേശത്തിനൊപ്പം തന്റെ ടീമിനെ കൂടെ ചേർത്തുപിടിക്കാനുള്ള അദ്ദേഹത്തിന്റെ ഗുണം ശ്രദ്ധേയമാണ്. അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ ശോഭിക്കുമ്പോഴും ആ പഴയ ‘ബത്തേരിക്കാരൻ’ പയ്യന്റെ നിഷ്കളങ്കത അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുമ്പോഴും പുതുമയുള്ള പരീക്ഷണങ്ങൾക്കായി അദ്ദേഹം സമയം കണ്ടെത്തുന്നു. ‘ഫാലിമി’യിലും ‘ഗുരുവായൂരമ്പല നടയിലും’ ഒക്കെ നമ്മൾ കണ്ടത് ആ അഭിനയ ശൈലിയുടെ വ്യത്യസ്തമായ തലങ്ങളാണ്.

നർമ്മത്തിൽ ചാലിച്ച ഗൗരവമേറിയ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ബേസിലിന്റെ വൈഭവം വരാനിരിക്കുന്ന ചിത്രങ്ങളിലും വലിയ പ്രതീക്ഷയാണ് നൽകുന്നത്. മലയാള സിനിമയുടെ യശസ്സ് ഉയർത്തിയ ഈ ‘മിന്നൽ’ പ്രതിഭയ്ക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. സർഗ്ഗാത്മകതയുടെ പുതിയ ആകാശങ്ങളിലേക്ക് പറന്നുയരുമ്പോഴും മലയാളിയുടെ തനതായ ചിരിയും ലാളിത്യവും ബേസിൽ ജോസഫ് എന്ന കലാകാരനിൽ എന്നും തിളങ്ങിനിൽക്കട്ടെ. ഒരിക്കൽ കൂടി ജന്മദിനാശംസകൾ, പ്രിയപ്പെട്ട ബേസിൽ.