
പ്രശസ്ത ബോളിവുഡ് സിനിമ സീരിയൽ നടൻ ഭരത് കപൂർ അന്തരിച്ചു. 80 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അന്ത്യകർമങ്ങൾ തിങ്കളാഴ്ച വൈകുന്നേരംതന്നെ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിക്ക് സമീപമുള്ള ശ്മശ്മശാനത്തിൽ നടത്തി.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ഏപ്രിൽ 30-ന് വൈകുന്നേരം 5 മണിക്കും 7 മണിക്കും ഇടയിൽ നോർത്ത് ബോംബെ അസോസിയേഷനിൽ പ്രാർത്ഥനായോഗം സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഭരത് കപൂർ അസുഖബാധിതനായിരുന്നു.
നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന തൻ്റെ അഭിനയ ജീവിതത്തിലൂടെ ഹിന്ദി സിനിമാ-സീരിയൽ രംഗത്ത് തൻ്റേതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഹിന്ദി വിനോദ വ്യവസായത്തിൽ സുപരിചിതമായ മുഖമായിരുന്നു ഭരത് കപൂറിന്റേത്. നാല് പതിറ്റാണ്ടോളം നീണ്ട തൻ്റെ കരിയറിൽ ഭരത് കപൂർ നിരവധി ശ്രദ്ധേയമായ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ‘നൂരി’ (1979), ‘റാം ബൽറാം’ (1980), ‘ലവ് സ്റ്റോറി’ (1981), ‘ബസാർ’ (1982), ‘ഖുദാ ഗവാ’ (1992), ‘മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ്’ (2004) എന്നിവ അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകളിൽ ചിലതാണ്.
സിനിമകൾക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവമായ സാന്നിധ്യമായിരുന്നു. ‘അമാനത്ത്’, ‘സാൻസ്’, ‘താരാ’, ‘ചുനൗതി’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ അദ്ദേഹം മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി.
ഭരത് കപൂറിന്റെറെ നിര്യാണത്തിൽ പ്രമുഖ സിനിമാ പ്രവർത്തകൻ അശോക് പണ്ഡിറ്റ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ഒരു മികച്ച മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം തൻ്റെ കരിയറിന്റെ തുടക്കത്തിൽ പ്രവർത്തിച്ച ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും അശോക് പണ്ഡിറ്റ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.