
നിർമാതാവ് മുരളി കുന്നുംപുറത്തിനെതിരെ മാനനഷ്ട കേസ് നൽകി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പോലീസിലും കോടതിയിലുമാണ് അഭിലാഷ് പിള്ള പരാതി നൽകിയിരിക്കുന്നത്. സൈബർ ആക്രമണത്തിന് എതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ടെന്നും, മുരളി കുന്നുംപുറത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കുമെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയൊന്നും അഭിലാഷിന്റെ അഭിഭാഷകൻ ഹരികൃഷ്ണൻ പറഞ്ഞു.
മുരളി കുന്നുംപുറത്തും അദ്ദേഹത്തിന്റെ ആളുകളും ചേർന്ന് സമൂഹമാധ്യമങ്ങൾ, വാർത്താ പോർട്ടലുകൾ, ഓൺലൈൻ ചാനലുകൾ എന്നിവ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് തിരക്കഥാകൃത്തിന്റെ പരാതിയിൽ ആരോപിക്കുന്നു. വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
മുരളി കുന്നുംപുറത്തിനെയോ മറ്റേതെങ്കിലും വ്യക്തിയെയോ താൻ ഒരിക്കലും ചതിക്കുകയോ സാമ്പത്തിക ക്രമക്കേടുകൾ നടത്തുകയോ ചെയ്തിട്ടില്ല. നിയമപരമായ വഴി സ്വീകരിക്കുന്നതിന് പകരം പൊതുമധ്യത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാനാണ് നിർമാതാവ് മുതിർന്നത്. തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും പൊതുജനമധ്യത്തിൽ തന്നെ അപഹാസ്യനാക്കാനും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങൾക്ക് ഇരയാക്കാനുമാണ് അദ്ദേഹം ബോധപൂർവം ശ്രമിക്കുന്നതെന്നും അഭിലാഷ് പിള്ള പരാതിയിൽ പറയുന്നു. അപകീർത്തികരമായ വീഡിയോകളും പോസ്റ്റുകളും നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകണമെന്നും അഭിലാഷ് ആവശ്യപ്പെട്ടു.
‘സുമതി വളവ്’ സിനിമയുമായി ബന്ധപ്പെട്ട് അഭിലാഷ് പിള്ളയും സംവിധായകൻ വിഷ്ണു ശശി ശങ്കറും വഞ്ചിച്ചുവെന്നാണ് മുരളിയുടെ ആരോപണം. എന്നാൽ, ഇത്തരം ആരോപണങ്ങൾ അസത്യവും അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്നാണ് അഭിലാഷ് പിള്ളയുടെ വാദം.
‘സുമതി വളവ്’ അടക്കമുള്ള സിനിമകളുടെ പരാജയത്തെ പറ്റിയുള്ള നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ വീഡിയോ ആണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ‘സുമതി വളവ്’ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള, ‘നദികളിൽ സുന്ദരി യമുന’ സംവിധായകർ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവർക്കെതിര ഗുരുതര ആരോപണങ്ങളാണ് വീഡിയോയിൽ ഉന്നയിച്ചത്. ‘സുമതി വളവ്’ കാരണം ഏഴ് കോടി രൂപ നഷ്ടമുണ്ടായി എന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം, വിവാദങ്ങളിൽ മുരളി കുന്നുംപുറത്തിനെ തള്ളി അഭിലാഷ് പിള്ള, വിഷ്ണു ശശി ശങ്കർ, വിജേഷ് പാണത്തൂർ, എന്നിവർ ചേർന്ന് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിലാഷ് പിള്ള മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.