
എമ്പുരാനിലെ അബ്രാം ഖുറേഷിയെ അനുകരിച്ച് വലിയ രീതിയിലുള്ള ട്രോളുകൾ ഏറ്റുവാങ്ങിയതിന് പിന്നാലെ ജപ്പാനിലെ വേദിയിലും അതേ പ്രകടനം ആവർത്തിച്ച് നടൻ ടിനി ടോം. ജപ്പാനിലെ മലയാളികളുടെ ആഘോഷവേദിയിൽ അബ്രാം ഖുറേഷിയുടെ സ്റ്റൈലിൽ ടിനി ടോം പ്രത്യക്ഷപ്പെടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. “ജപ്പാനിൽ നിറഞ്ഞ കയ്യടിയോടെ എമ്പുരാൻ, മലയാളികളുടെ ആവേശവും സ്നേഹവും നിറഞ്ഞൊരു നിമിഷം” എന്ന തലക്കെട്ടോടെ ‘ലിറ്റ ജപ്പാൻ’ എന്ന പ്രൊഫൈലിലൂടെയാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോക്ക് താഴെ ടിനി ടോമും കമന്റുമായി എത്തിയിട്ടുണ്ട്. “തോൽക്കാൻ മനസ്സില്ല” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. തൻ്റെ പ്രകടനത്തെ പരിഹസിക്കുന്നവർക്കുള്ള മറുപടിയായാണ് ഈ കമൻ്റിനെ ആരാധകർ കാണുന്നത്. ട്രോളുകൾക്ക് മുന്നിൽ തളർന്നു പോകാതെ തൻ്റെ ഇഷ്‌ടപ്രകടനം തുടരുമെന്ന താരത്തിന്റെ നിലപാടിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
നേരത്തെ ‘ചെങ്ങന്നൂർ പെരുമ’ വേദിയിൽ എമ്പുരാൻ ലുക്ക് അവതരിപ്പിച്ചതിന് ടിനി ടോമിന് നേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. മോഹൻലാലിന്റെ്റെ ഗാംഭീര്യം അനുകരിക്കാൻ ശ്രമിച്ച ടിനി ടോമിന് അത് വേണ്ടത്ര ഫലപ്രദമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ വിദേശ വേദികളിലടക്കം ഈ പ്രകടനം വൻ വിജയമാകുന്നത് താരത്തിന് പുതിയ ആവേശം നൽകിയിരിക്കുകയാണ്.