“വല്യച്ഛനോടും വല്യമ്മയോടും ചോദിക്കൂ, അവരുടെ കോളേജിലും ഉദ്ഘാടനത്തിന് വന്നത് ചാക്കോച്ചനായിരിക്കും”; ദിലീഷ് പോത്തൻ

','

' ); } ?>

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ നടൻ കുഞ്ചാക്കോ ബോബനെ രസകരമായി ട്രോളി ദിലീഷ് പോത്തൻ. തന്റെ കോളേജ് കാലത്തെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ ‘നിത്യയൗവന’ത്തെ ദിലീഷ് പോത്തൻ തമാശരൂപേണ വിമർശിച്ചത്.

താൻ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയിട്ട് ഏകദേശം 30 വർഷം കഴിഞ്ഞെന്നും, അന്ന് തന്റെ കോളേജിലെ യൂണിയൻ കലോത്സവത്തിന് ഉദ്ഘാടനത്തിന് വന്നത് അന്നത്തെ യുവതാരം കുഞ്ചാക്കോ ബോബൻ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ വീട്ടിൽ ചെന്ന് മാതാപിതാക്കളോട് ചോദിച്ചാൽ അവരുടെ കോളേജിലും, ഒരുപക്ഷേ വല്യച്ഛനോടും വല്യമ്മയോടും ചോദിച്ചാൽ അവരുടെ കോളേജിലും ഉദ്ഘാടനത്തിന് വന്നത് ഈ ചാക്കോച്ചൻ തന്നെയാകാനാണ് സാധ്യതയെന്നും ദിലീഷ് പോത്തൻ തമാശയായി കൂട്ടിച്ചേർത്തു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ചിരി പടർത്തിയ ഈ പ്രസംഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിൽ തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ‘സേതു’ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. കുഞ്ചാക്കോ ബോബനൊപ്പം സജിൻ ഗോപുവിന്റെ പ്രകടനവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, രാജേഷ് മാധവൻ, ഷാഹി കബീർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡോൺ വിൻസെന്റ് ഒരുക്കിയ സംഗീതവും ചിത്രത്തിന് കരുത്തേകുന്നു.

മലയാള സിനിമയിലെ രണ്ട് പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും കുഞ്ചാക്കോ ബോബന്റെ ഉദയ പിക്ചേഴ്സും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോമഡിയും സസ്‌പെൻസും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജാണ് ചിത്രം എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.