
‘ധുരന്ധർ: ദ റിവഞ്ച്’ പ്രദർശനം തടയാൻ സാധിക്കില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്റെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി. രാകേഷ് എന്ന വ്യക്തി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി കോടതി തള്ളി. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ലഭിച്ച ഒരു ചിത്രം, ചെറിയ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് വിലക്കാനാകില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.
രൺവീർ സിംഗ് നായകനായ ആദിത്യ ധർ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ തമിഴ്നാട്ടിൽ നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
സിനിമ പരോക്ഷമായി രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്നും മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നു എന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. കൂടാതെ, ഭരണഘടനയുടെ 324ാം അനുച്ഛേദപ്രകാരം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിഷ്പക്ഷത ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നിലവിലുള്ള സമയത്ത് ഈ സിനിമയുടെ പ്രദർശനം തുടരുന്നത് അനുവദനീയമാണോ എന്ന് സിനിമാട്ടോഗ്രാഫ് ആക്ട്, 1952 പ്രകാരം അധികാരികൾ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനയുടെ 19(1)(എ) അനുച്ഛേദപ്രകാരം സിനിമ സംരക്ഷിത ആവിഷ്കാര രൂപമാണെന്നും, സർട്ടിഫിക്കേഷൻ റദ്ദാക്കാത്തിടത്തോളം കാലം ഒരു സിനിമയുടെ പ്രദർശനം തടയുന്നത് ഈ അവകാശത്തിന്റെ ലംഘനമാണെന്നും കോടതി ഊന്നിപ്പറഞ്ഞു. കൂടാതെ ‘ധുരന്ധർ 2’ മാർച്ച് 21ന് തന്നെ തമിഴ്നാട്ടിൽ റിലീസ് ചെയ്തതായി കോടതി നിരീക്ഷിച്ചു. ഒപ്പം,
‘ധുരന്ധർ 2’ന്റെ റിലീസിന് പിന്നാലെ സിനിമ സംഘപരിവാർ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, സാറ അർജുൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സംവിധായകന് ആദിത്യ ധര് തന്നെയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ് ആക്ഷന്‍ സ്പൈ ത്രില്ലര്‍ നിർമിച്ചിരിക്കുന്നത്.