
‘ജനഗണമന’ യുടെ ഷൂട്ടിങ് സമയത്ത് തന്നെ രണ്ടാം ഭാഗത്തിന്റെ ഐഡിയ തിരക്കഥാകൃത്തായ ഷാരിസും ഡിജോയും തന്നോടു പറഞ്ഞിരുന്നുവെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. അന്നത് തനിക്ക് വളരെ രസകരമായി തോന്നിയെന്നും, പത്ത് മിനുറ്റ് കൊണ്ടാണ് കഥ പറഞ്ഞിരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ഡിജോ സംവിധാനം ചെയ്ത പുതിയ സിനിമയായ ‘പള്ളിച്ചട്ടമ്പി’യുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനഗണമനയുടെ ഷൂട്ടിങ് സമയത്ത് തന്നെ ഷാരിസും ഡിജോയും അതിന്റെ രണ്ടാം ഭാഗത്തിൻ്റെ ഐഡിയ പറഞ്ഞിരുന്നു. അങ്ങനെ ഒരു ഐഡിയ അവർ പറയാതെ ഞാൻ വന്നിരുന്നു സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് പറയില്ലല്ലോ. ഞാൻ എഴുതുകയോ സംവിധാനം ചെയ്യുകയോ ചെയ്ത സിനിമ അല്ലല്ലോ അത്, നിർമിക്കുക മാത്രമാണ് ചെയ്തത്.” പൃഥ്വിരാജ് പറഞ്ഞു.
“ജനഗണമന’യുടെ രണ്ടാം ഭാഗത്തേക്കാൾ ഞാൻ അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥന്റെ കഥയുടെ തുടർച്ച എന്ന തരത്തിൽ എന്നോട് പറഞ്ഞിരുന്നു. എന്നോട് പത്ത് മിനിറ്റ് കൊണ്ട് പറഞ്ഞ സാധനം എനിക്ക് വളരെ രസകരമായി തോന്നിയിരുന്നു. അതിനി തിരക്കഥയായി എഴുതി വരണം.” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
2022ൽ റിലീസ് ചെയ്ത ‘ജനഗണമന’ പൃഥ്വിരാജിൻ്റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു. സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹൻദാസ്, വിൻസി, ഷമ്മി തിലകൻ തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമയാണ് ‘ജനഗണമന’. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിർമിച്ചത്