“ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ടെന്ന് അന്ന് മണി പറഞ്ഞു”; ഡെന്റൽ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതികരിച്ച് വിനയൻ

','

' ); } ?>

ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി സംവിധായകൻ വിനയൻ. നിതിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ പണ്ട് കലാഭവൻ മണി തന്നോട് പറഞ്ഞ നോവിക്കുന്ന ചില കാര്യങ്ങളാണ് ഓർമ്മ വന്നതെന്ന് വിനയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ‘കരുമാടിക്കുട്ടൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിൽ മണി പങ്കുവെച്ച ഒരു അനുഭവമാണ് വിനയൻ കുറിപ്പിൽ അനുസ്മരിക്കുന്നത്.

“നമ്മൾ പത്തൊമ്പതാം നൂറ്റാണ്ടിലാണോ ഇപ്പോഴും ജീവിക്കുന്നത്? നവോത്ഥാനവും പുരോഗമനവും പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ അത് സ്വന്തം മനസ്സിൽ കൂടി ഉൾക്കൊള്ളണ്ടേ?” എന്ന് അദ്ദേഹം ചോദിക്കുന്നു. കുട്ടനാട്ടിലെ അധഃസ്ഥിതനായ ചെറുമന്റെ കഥ പറയുന്ന സിനിമയുടെ ചർച്ചയ്ക്കിടെ മണി പറഞ്ഞത് ഇങ്ങനെയായിരുന്നു:

“നാട്ടിൽ ജാതിയുടെയും നിറത്തിന്റെയും പേരിൽ വേർതിരിവൊന്നുമില്ലെന്നാണ് മാഷുമാർ പഠിപ്പിക്കുന്നത്. പക്ഷേ പരീക്ഷയ്ക്ക് മാർക്ക് കുറയുമ്പോൾ എന്നെപ്പോലെയുള്ളവരെ മാഷ് ശകാരിക്കില്ല, പകരം തൊലിയുരിക്കുന്ന രീതിയിൽ കളിയാക്കും. പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലെന്നാണ് മാഷ് പറയുന്നത്. മറ്റു കുട്ടികൾ ചിരിക്കുമ്പോൾ മാഷും ചിരിക്കും. ആ നേരങ്ങളിൽ ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട്.”

മണിയുടെ ആ വാക്കുകൾ നിതിന്റെ വാർത്ത കേട്ടപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയെന്ന് വിനയൻ പറയുന്നു. ദളിതരും പട്ടികവിഭാഗങ്ങളും ആദിവാസികളുമൊക്കെ സമൂഹത്തിൽ ചേർത്തുപിടിക്കപ്പെടേണ്ടവരാണെന്നും സാമൂഹ്യപരമായി ആ വിഭാഗം അത് അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതിൻ രാജിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.