
ഒറ്റയ്ക്ക് മകളെ നോക്കുക എന്നത് തന്നെ സംബന്ധിച്ച് എളുപ്പമായ ഒന്നായിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് ഗായിക സയനോര. താൻ ഒരു നല്ല ‘അമ്മ ആണോ എന്ന തോന്നൽ തന്നെ വേട്ടയാടിയിരുന്നുവെന്നും, ബാല്‍ക്കണിയില്‍ നിന്ന് എടുത്ത് ചാടാനൊക്കെ തോന്നിയിട്ടുണ്ടെന്നും സയനോര പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“കല്യാണത്തിന് ശേഷം ഒരു പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് സെല്‍ഫ് ലവ് എന്താണ് എന്ന് ഞാന്‍ പഠിക്കുന്നത്. എന്റെ മകളെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി ഞാന്‍ കാണുന്നത്, ഇപ്പോള്‍ അവള്‍ക്ക് 13 വയസ്സായി. ഞാന്‍ അമ്മയായതിന് ശേഷം എപ്പോഴും എനിക്കുള്ള ഒരു കുറ്റബോധമായിരുന്നു, ഞാന്‍ ഒരു നല്ല അമ്മ അല്ല എന്നത്. ഞാന്‍ ഷോകള്‍ക്ക് വേണ്ടി പോകുന്നു, തിരിച്ചു വരുമ്പോള്‍ മകളെ കാണുന്നു എന്നതല്ലാതെ അവള്‍ക്കൊപ്പം മതിയായ സമയം ഞാന്‍ ചെലവഴിക്കുന്നില്ല. ഒരു സോഷ്യല്‍ കണ്ടീഷന്റെ ഭാഗമായിട്ട് വരുമ്പോള്‍ ഞാനൊരു നല്ല അമ്മയല്ല എന്ന തോന്നല്‍ എനിക്കെപ്പോഴും ഉണ്ടായിരുന്നു. അവള്‍ക്കിഷ്ടപ്പെടുന്ന ഭക്ഷണം ഉണ്ടാക്കി കൊടുക്കാനോ നോക്കാനോ എനിക്ക് സമയമില്ല.” സയനോര പറഞ്ഞു.
“എന്നെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല ആ ഒരു അവസ്ഥ. ഇതും അമ്മയുടെ കടമയാണ്, ശരിയായ രീതിയിലാണ് ഞാന്‍ എന്റെ മകളെ നോക്കുന്നത് എന്നുള്ള ചിന്തയിലേക്ക് സമീപകാലത്താണ് എനിക്ക് എത്തിച്ചേരാനായി സാധിച്ചത്. നാലഞ്ച് വര്‍ഷമായി ഞാനും മോളും ഇപ്പോള്‍ കൊച്ചിയിലേക്ക് മാറി, അതിന് ശേഷമാണ് ആ മാറ്റമുണ്ടായത്. എന്റെ ഫ്രണ്ട്‌സിനെയൊക്കെ മകളെ ഏല്‍പ്പിച്ചിട്ടാണ് ഞാന്‍ ഷോയ്ക്ക് പോകുന്നത്. ഷോ കഴിഞ്ഞ് വന്ന് ഫുഡ് ഉണ്ടാക്കി, അവളെ സ്‌കൂളില്‍ വിട്ട്, വീണ്ടും ഷോ.. ഇങ്ങനെ എനിക്ക് രണ്ടും ഒരുപോലെ മാനേജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നു. ബാല്‍ക്കെണിയില്‍ നിന്ന് എടുത്ത് ചാടാനൊക്കെ തോന്നിയിട്ടുണ്ട്. കൂട്ടുകാരുമായി സംസാരിച്ച് തെറാപിയൊക്കെ എടുത്തതിന് ശേഷമാണ് ഞാന്‍ കുറച്ച് ബെറ്റര്‍ ആയതായി എനിക്ക് ഫീല്‍ ആയത്. അതുവരെ ഒട്ടും എളുപ്പമായിരുന്നില്ല.” സയനോര കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്പ്. വ്യത്യസ്തമായ ആലാപന ശൈലിയും ശബ്ദവും ആണ് സയനോരയെ മറ്റുള്ള പാട്ടുകാരിൽ നിന്നും വേറിട്ട് നിർത്തുന്നത്. താന്‍ ഒരു സിംഗിള്‍ പാരന്റ് ആണെന്ന് നേരത്തെ തന്നെ സയനോര വ്യക്തമാക്കിയിരുന്നു.