
നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ വിവാഹമോചന വാർത്തകൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി നടൻ രവി മോഹന്റെ ഭാര്യയായ ആർതി രവിയുടെ കുറിപ്പ്. രവി മോഹനുമായുള്ള വേർപിരിയലിന് പിന്നാലെ താൻ നേരിട്ട സൈബർ ആക്രമണങ്ങളെയും മുൻവിധികളെയും വിജയ്‌യുടെ കുടുംബപ്രശ്നങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ആർതിയുടെ പ്രതികരണം.
വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സംഗീതയ്ക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. എന്നാൽ സമാനമായ സാഹചര്യം നേരിട്ട തനിക്ക് ലഭിച്ച പരിഗണന മറ്റൊന്നായിരുന്നു എന്ന് ആർതി ചൂണ്ടിക്കാട്ടുന്നു. ഭാര്യയുടെ മാന്യതയെക്കുറിച്ചും അന്തസ്സിനെക്കുറിച്ചും ഇപ്പോൾ നടക്കുന്ന ചർച്ചകൾ താൽപ്പര്യജനകമാണെന്ന് ആർതി കുറിച്ചു.
മറ്റൊരു ബന്ധത്തിലേക്ക് മാറുന്നതിലെ വിവേകശൂന്യതയും ദാമ്പത്യം തകരുന്നത് ലോകത്തിന് മുന്നിൽ കാണേണ്ടി വരുന്നതിലെ മാനസികാഘാതവും ഇന്ന് എല്ലാവരും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം താൻ ഇതേ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ ഇത്രയധികം പിന്തുണ ലഭിച്ചിരുന്നില്ലെന്ന് ആർതി ഓർമ്മിപ്പിച്ചു. അന്ന് പലരും കെട്ടിച്ചമച്ച കഥകൾ വിശ്വസിക്കുകയും തനിക്കെതിരെ മുൻവിധിയോടെ പ്രതികരിക്കുകയുമാണ് ചെയ്തതെന്ന് ആർതി തുറന്നടിച്ചു.
ഒരു ഭാര്യയോടുള്ള സഹതാപം കൂടെയുള്ള പുരുഷന്റെ സ്വാധീനത്തിനനുസരിച്ചാണോ മാറുന്നതെന്ന പ്രസക്തമായ ചോദ്യവും താരം ഉയർത്തുന്നുണ്ട്. സ്ത്രീയുടെ വികാരങ്ങൾ കേൾക്കപ്പെടാൻ രാഷ്ട്രീയമോ സാമൂഹികമോ ആയ സാഹചര്യം നോക്കേണ്ടതുണ്ടോ എന്നും ആർതി ചോദിക്കുന്നു. മാറ്റങ്ങളിൽ തനിക്ക് സന്തോഷമുണ്ടെന്നും അപമാനം സഹിക്കാൻ ഒരു ഭാര്യയും ബാധ്യസ്ഥയല്ലെന്നും കുറിപ്പിൽ പറയുന്നു. സഹതാപം എന്നത് അധികാരമുള്ളവർക്ക് വേണ്ടി മാത്രം മാറ്റിവെക്കാനുള്ളതല്ലെന്നും ഒരു ഭാര്യയുടെ അന്തസ്സ് അവളോടൊപ്പമുള്ള പുരുഷന്റെ പദവിയെ ആശ്രയിച്ചായിരിക്കരുത് എന്നുമാണ് ആർതിയുടെ നിലപാട്.
ജയം രവിയും ആർതിയും തമ്മിലുള്ള വേർപിരിയൽ വാർത്തകൾ വന്ന സമയത്ത് നടനെ പിന്തുണച്ചും ആർതിയെ കുറ്റപ്പെടുത്തിയുമായിരുന്നു വലിയ വിഭാഗം ആളുകളും രംഗത്തെത്തിയിരുന്നത്. എന്നാൽ വിജയ്-സംഗീത വിഷയത്തിൽ സംഗീതയ്ക്ക് ലഭിക്കുന്ന പിന്തുണയിലെ വൈരുദ്ധ്യമാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.