‘മുഖ്യമന്ത്രി വിചാരിച്ചാലും നിനക്കൊരു ഹിറ്റ് തരാൻ പറ്റില്ല’; ധ്യാനിനെ ട്രോളി ശറഫുദ്ധീൻ

','

' ); } ?>

കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുമെന്ന ചോദ്യങ്ങളിൽ പ്രതികരിച്ച് നിവിൻ പോളിയും ഷറഫുദ്ദീനും. ‘പ്രതിച്ഛായ’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗോകുലം മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോ എന്ന ധ്യാനിന്റെ ചോദ്യത്തിന് ‘ഉണ്ട്’ എന്ന് ഷറഫുദ്ദീൻ വ്യക്തമാക്കിയതോടെയാണ് രസകരമായ ചർച്ചയ്ക്ക് തുടക്കമായത്. മുഖ്യമന്ത്രിയായാൽ എന്ത് മാറ്റമാണ് വരുത്തുക എന്ന ചോദ്യത്തിന്, കേവലം റോഡും പാലവും പണിയുക എന്നതിലുപരി ജനങ്ങളുടെ ‘ഹാപ്പിനെസ് ഇൻഡെക്സ്’ വർദ്ധിപ്പിക്കുന്നതിലാകും തന്റെ ശ്രദ്ധയെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ആളുകൾ സന്തോഷത്തോടെ ജീവിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടാനും വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും നല്ല ഭക്ഷണവും ശുചിത്വമുള്ള അടുക്കളയും നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്നാണ് നിവിൻ പോളി നിർദേശിച്ചത്. ചെയ്യുന്ന ജോലിക്ക് തുല്യമായ പ്രതിഫലം എല്ലാവർക്കും ഉറപ്പാക്കണമെന്നും നിവിൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നേരിട്ട് ഹോട്ടലുകളിൽ പരിശോധനയ്ക്ക് ഇറങ്ങണമെന്നാണോ ഉദ്ദേശിച്ചതെന്ന് ഷറഫുദ്ദീൻ ചോദിച്ചത് ചിരിക്ക് വകനൽകി.

ഇതിനിടെ മുഖ്യമന്ത്രിയാകാൻ പുതിയ പാർട്ടി തുടങ്ങുമോ എന്നായി ധ്യാൻ. പുതിയ പാർട്ടി തുടങ്ങുന്നതിന് പകരം നിലവിലുള്ള ഏതെങ്കിലും പാർട്ടിയിൽ എങ്ങനെയെങ്കിലും പ്രവേശിക്കാൻ ശ്രമിക്കാമെന്നായിരുന്നു ഷറഫുദ്ദീന്റെ പ്രായോഗിക മറുപടി.

സിനിമാ മേഖലയിലെ തൊഴിലാളികളുടെ ആവശ്യമാണ് നിവിൻ പോളി മുന്നോട്ടുവെച്ചത്. സിനിമാ ലൊക്കേഷനുകളിൽ ജോലി സമയം 12 മണിക്കൂറായി ചുരുക്കിയത് വലിയ കാര്യമാണെന്നും, ഇതിനൊപ്പം ഞായറാഴ്ച കൂടി അവധി ലഭിച്ചാൽ അത് എല്ലാവർക്കും ഗുണകരമാകുമെന്നും നിവിൻ പറഞ്ഞു. ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഷറഫുദ്ദീൻ ഉറപ്പും നൽകി. ഏറ്റവും ഒടുവിൽ തനിക്കൊരു ഹിറ്റ് ചിത്രം വേണമെന്നായി ധ്യാൻ ശ്രീനിവാസൻ. എന്നാൽ, “നിനക്കൊരു ഹിറ്റ് നൽകുന്ന കാര്യം മുഖ്യമന്ത്രി വിചാരിച്ചാലും നടക്കുമെന്ന് തോന്നുന്നില്ല” എന്ന ഷറഫുദ്ദീന്റെ കൗണ്ടർ മറുപടിയോടെയാണ് അഭിമുഖം കൂട്ടച്ചിരിയിലായത്.