
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3’ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച് ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുമ്പോഴും ചിത്രത്തിലെ ചില കഥാപാത്ര സൃഷ്ടികൾക്കെതിരെ വിമർശനം ശക്തമാകുന്നു. ധർമ്മജൻ ബോൾഗാട്ടി അവതരിപ്പിച്ച ക്യാപ്റ്റൻ ക്ലീറ്റസ് എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. ക്യാപ്റ്റൻ ക്ലീറ്റസിന്റെ പല സംഭാഷണങ്ങളും കഥയുടെ ഒഴുക്കിന് യോജിക്കാത്തതാണെന്നും കേവലം ചിരിപ്പിക്കാൻ വേണ്ടി മാത്രം കുത്തിനിറച്ചതാണെന്നും ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
പ്രധാനമായും സിനിമയിൽ ധർമ്മജൻ പറയുന്ന “ഞാൻ പാണൻ അല്ല പുലയൻ അല്ല പറയൻ അല്ല” എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ഇത്തരം സംഭാഷണങ്ങൾ തമാശയായി തോന്നിയില്ലെന്നും ആധുനിക സിനിമയ്ക്ക് ചേർന്നതല്ലെന്നുമാണ് ഉയരുന്ന വിമർശനം. സിനിമയുടെ പശ്ചാത്തലം പഴയ കാലഘട്ടമാണെന്ന വാദം ഉന്നയിച്ചാലും ഇത്തരം വംശീയ ചുവയുള്ള പരാമർശങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്ന് സിനിമാ പ്രേമികൾ ചൂണ്ടിക്കാട്ടുന്നു. നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയുമായിരുന്ന ക്ലീറ്റസ് എന്ന കഥാപാത്രം ആട് 3-യിൽ വേണ്ട രീതിയിൽ വർക്ക് ആയില്ലെന്നും പലരും വിലയിരുത്തുന്നു.
ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളിൽ ധർമ്മജൻ അവതരിപ്പിച്ച തമാശകൾ പ്രേക്ഷകർക്ക് കണക്ട് ആയിരുന്നു. ആ ഒരു മികവ് സിനിമയിലുടനീളം നിലനിർത്താമായിരുന്നുവെന്നും ഒരു വിഭാഗം ആരാധകർ പറയുന്നുണ്ട്. വിമർശനങ്ങൾ ഒരു വശത്ത് നിലനിൽക്കുമ്പോഴും ജയസൂര്യ, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വെറും ഏഴ് ദിവസം കൊണ്ട് 101 കോടിയാണ് ആട് 3 ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. മോഹൻലാൽ ചിത്രം എമ്പുരാന്റെ വിജയമാണ് ആട് മറി കടന്നിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ എന്ന റെക്കോർഡും ഷാജി പാപ്പന്റെ ഈ മൂന്നാം വരവ് സ്വന്തമാക്കി. വൻ ജനപ്രീതിയെത്തുടർന്ന് ഓരോ ദിവസവും കേരളത്തിലും കൂടുതൽ ഷോകൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്. ജയസൂര്യക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ചിരിയും ഫാന്റസിയും കോർത്തിണക്കിയ പക്കാ ഫൺ റൈഡായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.