“ഹാസ്യ സിനിമകൾ ചെയ്യുമ്പോൾ കോമാളിയെപ്പോലെ കാണുന്നത് വേദനിപ്പിക്കുന്നു”; പ്രിയദർശൻ

','

' ); } ?>

കോമഡി ചിത്രങ്ങൾ ചെയ്യാൻ നിർബന്ധിതനാകുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ. തൻ്റെ യഥാർത്ഥ അഭിനിവേശം തീവ്രവും ഗൗരവതരമായ പ്രമേയമുള്ള ചിത്രങ്ങൾ ഒരുക്കുന്നതിലാണെന്നും, എന്നാൽ മലയാളത്തിലും ബോളിവുഡിലും മികച്ച ഹാസ്യചിത്രങ്ങൾ ഒരുക്കിയതിലൂടെ തനിക്ക് വലിയ പ്രശസ്തി നേടിത്തന്നുവെന്നും പ്രിയദർശൻ പറഞ്ഞു. പിങ്ക്‌ വില്ലയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്ക് ഗൗരവമുള്ള സിനിമകൾ ചിത്രീകരിക്കാനാണ് ഇഷ്ടം. ഹാസ്യ സിനിമകൾ ചിത്രീകരിക്കാൻ എനിക്കിഷ്ട‌മില്ല. എനിക്ക് വേറെ വഴിയില്ലാത്തതുകൊണ്ട് ചെയ്യുന്നു. ഹാസ്യ സിനിമകൾ ചെയ്യുമ്പോൾ, ഒരു നല്ല സംവിധായകനെന്ന നിലയിൽ നിങ്ങൾക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല. എന്നാൽ ഒരു ഗൗരവമുള്ള സിനിമ ചെയ്യുമ്പോൾ, സിനിമാ ലോകത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. അത് എനിക്ക് വളരെ വേദനാജനകമാണ്. എന്തുകൊണ്ടാണ് ഒരു ഹാസ്യ സംവിധായകനെ നല്ല സംവിധായകനായി അംഗീകരിക്കാത്തത്?” പ്രിയദർശൻ പറഞ്ഞു.

“‘കാലാപാനി’, ‘കാഞ്ചീവരം’ തുടങ്ങിയ ഗൗരവമേറിയ ചിത്രങ്ങളെടുക്കുമ്പോഴാണ് ഒരു സംവിധായകൻ എന്ന നിലയിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നത്. നിങ്ങൾ ഹാസ്യ സിനിമകൾ ചെയ്യുമ്പോൾ അവർ നിങ്ങളെ ഒരു കോമാളിയെപ്പോലെ കാണുന്നു. ഹാസ്യ സിനിമകൾ ഓസ്‌കാർ നേടുന്നതുപോലും വളരെ കുറവാണ്. ഇത് വളരെ സങ്കടകരമാണ്, പക്ഷേ ഇതാണ് യാഥാർഥ്യം.” പ്രിയദർശൻ കൂട്ടിച്ചേർത്തു.

അക്ഷയ് കുമാർ നായകനാകുന്ന ഭൂത് ബംഗ്ലാ ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഇനി വരാനിരിക്കുന്ന ചിത്രം. സിനിമയുടെ ടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. അക്ഷയ് കുമാർ, ഏക്ത കപൂർ, ശോഭ കപൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പരേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം ഏപ്രിൽ 10 ന് തിയേറ്ററുകളിലെത്തും. ഹൈവാൻ എന്ന മറ്റൊരു ചിത്രവും പ്രിയദർശൻ്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സെയ്‌ഫ് അലി ഖാൻ, അക്ഷയ് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ.