
വിജയ് ചിത്രം ജനനായകന്റെ ഒ ടി ടി ഡീലിൽ നിന്ന് ആമസോൺ പിന്മാറി എന്ന് റിപ്പോർട്ടുകൾ. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേരിപ്പിച്ചതെന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. അങ്ങനെ വന്നാല്‍ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് റിലീസ് നീളും
രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.
ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.