‘എക്കോ’ സംവിധായകന്റെ അടുത്ത സിനിമ പ്രഭാസിനൊപ്പം? നിർമാണം ഹോംബാലെ? ചർച്ചയായി ചിത്രം

','

' ); } ?>

‘എക്കോ ‘കിഷ്കിന്ധാ കാണ്ഡം’,  തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താന്റെ അടുത്ത ചിത്രം പ്രഭാസിനൊപ്പമാണെന്ന് വാർത്തകൾ. പ്രഭാസിനൊപ്പമുള്ള ചിത്രം ദിൻജിത്ത് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമാകുന്നത്. ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ പ്രഭാസിനും ഹോംബാലെ ഫിലിംസിനും ദിൻജിത്ത് നന്ദി പറയുന്നുണ്ട്.

“സൂപ്പർസ്റ്റാർ പ്രഭാസിനെ കണ്ടു. മനോഹരമായ സംഭാഷണങ്ങളും ചിരിയും രുചികരമായ അത്താഴവും നിറഞ്ഞ അത്ഭുതകരമായ ഒരു വൈകുന്നേരം. ചെമ്മീൻ ബിരിയാണി ശരിക്കും ഇഷ്ടപ്പെട്ടു! പ്രിയപ്പെട്ട പ്രഭാസ് സാർ, നിങ്ങളുടെ സ്നേഹനിർഭരമായ ആതിഥ്യത്തിനും ഈ വൈകുന്നേരം ഇത്രയും ഹൃദ്യവും മറക്കാനാവാത്തതുമാക്കി മാറ്റിയതിനും ഒത്തിരി നന്ദി. വിജയ് സാറിനും ഹോംബാലെ ഫിലിംസിനും നന്ദി.” ദിൻജിത്ത് കുറിച്ചു.

നേരത്തെ, തമിഴ് താരം ധനുഷിനൊപ്പമുള്ള ചിത്രവും ദിൻജിത്ത് പങ്കുവച്ചിരുന്നു. “ഇന്നലെ ധനുഷ് സാറിനെ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു.’എക്കോ’, ‘കിഷ്കിന്ധാ കാണ്ഡം’ എന്നീ സിനിമകളിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ച രീതിയും അദ്ദേഹത്തിന്റെ വിനയവും എന്നെ സ്പർശിച്ചു. മ്ലാത്തിച്ചേട്ടത്തിയുടെ പ്രകടനം അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടു. ‘അത്ഭുതപ്പെടുത്തുന്ന കലാകാരി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, “എങ്ങനെയാണ് അവരെ ഇതിലേക്ക് കൊണ്ടുവന്നത്?” എന്നാണ് ധനുഷിന്റെ ചിത്രത്തിനൊപ്പം ദിൻജിത്ത് കുറിച്ചത്.

‘കിഷ്കിന്ധാ കാണ്ഡം’, ‘എക്കോ’ എന്നിങ്ങനെ വ്യത്യസ്തമായി കഥ പറഞ്ഞ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് ദിൻജിത്ത് അയ്യത്താൻ. കഴിഞ്ഞ വർഷത്തെ മികച്ച മലയാള സിനിമകളിൽ ഒന്നായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ വിലയിരുത്തിയ ‘എക്കോ’യ്ക്ക് കേരളത്തിന് പുറത്തും ആരാധകർ ഏറെയാണ്. നിരവധി പ്രമുഖർ സിനിമയേയും അണിയറപ്രവർത്തകരേയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.