
വിവാഹ മോചനത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് നടൻ ഭഗത് മാനുവൽ. പ്രണയ വിവാഹം ആയിരുന്നിട്ടും വിവാഹമോചനം ആയപ്പോള്‍ ഭയങ്കര വിഷമമായിരുന്നുവെന്നും, ജീവിതത്തിന്റെ ഏറ്റവും അറ്റത്ത് നില്ക്കുന്ന സമയത്ത് വാതില്‍ തുറന്ന് വന്ന ആളാണ് സംവിധായകന് മനുവെന്നും ഭഗത് പറഞ്ഞു. ഷെഫ് നളന് നല്കിയ അഭിമുഖത്തിലാണ് ഭഗത് തന്റെ ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്.
”ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു വിവാഹജീവിതം വേര്‍പെട്ടത്. ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ട്, കുട്ടി ഇപ്പോള്‍ എന്റെ കൂടെയാണ്. വിവാഹമോചനം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. കള്ളുകുടിയും അങ്ങനെ നോര്‍മല്‍ പരിപാടികളിലേക്കും പോയി ജീവിതം ഫുള്‍ അലമ്പനായി. പ്രണയ വിവാഹം ആയിരുന്നിട്ടും വിവാഹമോചനം ആയപ്പോള്‍ ഭയങ്കര വിഷമമായിരുന്നു. അത് മറികടക്കാന്‍ കുറേസമയം എടുത്തു. പക്ഷെ എന്റെ കൊച്ച് കൂടെയുള്ളത് വലിയൊരു അനുഗ്രഹമായി.
മലര്‍വാടി കഴിഞ്ഞ അടുത്ത വര്‍ഷം തന്നെയാണ് ഇങ്ങനെ സംഭവിച്ചത്. കല്യാണം കഴിഞ്ഞ സമയമെല്ലാം വലിയ നിലയിലായിരുന്നു ജീവിതം. പൃഥ്വിരാജ് താമസിച്ചിരുന്ന ഫ്ളാറ്റിന്റെ തൊട്ട് താഴെയാണ് ഞങ്ങളും താമസിച്ചിരുന്നത്. അത്രയും നന്നായി പോയിരുന്ന സമയത്താണ് ഈ കാര്യങ്ങള്‍ ഒക്കെ സംഭവിക്കുന്നത്. അവിടെ ഞാന്‍ കൈവിട്ടു പോയി.” ഭഗത് പറഞ്ഞു.
”ആ സമയം നിവിനും അജുവുമെല്ലാം തിരക്കിലായിരുന്നു. ഞാനും തിരക്കിലായിരിക്കണം എന്ന് അവര്‍ കരുതിക്കാണണം. ജീവിതത്തിന്റെ ഏറ്റവും അറ്റത്ത് നില്ക്കുന്ന സമയത്ത് വാതില്‍ തുറന്ന് വന്ന ആളാണ് സംവിധായകന് മനു. അജു വര്‍ഗീസും ഇടയ്ക്കിടെ വന്ന് എന്ത് പറ്റ് എന്ന് ചോദിക്കുമായിരുന്നു. ഞാന്‍ ദിവസവും അജുവിന് ഗുഡ് മോണിങ് മെസേജ് അയക്കും. എല്ലാ ദിവസവും അങ്ങനെ മെസേജ് അയക്കുന്നൊരു വ്യക്തി ഞാനായിരിക്കും. ഒരിക്കല്‍ പോലും മറുപടി തന്നിട്ടില്ല. പക്ഷെ ഒരിക്കല്‍ ഗുഡ് മോണിങ് ചെന്നില്ലെങ്കില്‍ അജുവിന്റെ കോള്‍ വരും. അത് എനിക്ക് വലിയ ധൈര്യമാണ്. ഈ സൗഹൃദങ്ങള്‍ ഞാന്‍ നേടിയെടുത്ത എന്റെ സമ്പാദ്യമാണ്.” ഭഗത് കൂട്ടിച്ചേർത്തു.