
പൊതുപരിപാടിയിൽ മാന്യമായി വസ്ത്രം ധരിച്ചെത്തിയില്ലെന്ന വിമർശനങ്ങളിൽ വ്യക്തത വരുത്തി നടി ഐശ്വര്യ ലക്ഷ്മി. അന്ന് തനിക്ക് സംഭവിച്ചത് ഒരു അബദ്ധമായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. കൂടാതെ ട്രോളുകള്‍ തന്നെ ബാധിച്ചിട്ടില്ലെന്നും അബദ്ധം ആര്‍ക്കും പറ്റാമെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”അതൊരു ഫാഷന്‍ മിസ്ജഡ്ജ്മെന്റായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. അതിനുവേണ്ടി ഭാരം കൂട്ടി. സ്റ്റണ്ട് ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി, വല്ലാതെ ക്ഷീണിച്ചു. അതിനിടയിലായിരുന്നു ആ ഉദ്ഘാടനച്ചടങ്ങ്. ഞാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല. ആ വസ്ത്രം ട്രയല്‍ ചെയ്തു നോക്കിയതുമില്ല. അതിന്റെ ഫിറ്റിങ്ങും ശരിയായിരുന്നില്ല.” ഐശ്വര്യ പറഞ്ഞു.
”കുളിക്കുന്നതിനിടയ്ക്ക് വന്നതാണോ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞെത്തിയ ശേഷം ഞാന്‍ തന്നെ സുഹൃത്തുക്കളോട് ഇതുപറഞ്ഞ് ചിരിച്ചു. വസ്ത്രം മോശമായെന്ന് പറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല. ഇറ്റ്സ് ഫൈന്‍. അബദ്ധം ആര്‍ക്കും പറ്റാമല്ലോ. എല്ലാ ദിവസവും എല്ലാവരും ടിപ് ടോപ്പ് ആയിട്ടാണോ പോകുന്നത്. അന്നെനിക്ക് അതുപോലൊരു ദിവസമായിരുന്നു അത്രയേ ഉള്ളൂ.” ഐശ്വര്യ കൂട്ടിച്ചേർത്തു.
ഈയ്യടുത്തൊരു ഉദ്ഘാടനത്തിനെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ വിഡിയോയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ ധരിച്ച സ്ലീവ് ലെസ്/ഓഫ് ഷോള്‍ഡര്‍ വസ്ത്രമായിരുന്നു ട്രോളുകള്‍ക്ക് ഇരയായത്.
മലയാളത്തില്‍ ഐശ്വര്യ ലക്ഷ്മിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഹലോ മമ്മിയാണ്. 2024 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തമിഴില്‍ സജീവമാണ് ഐശ്വര്യ ലക്ഷ്മി. തഗ്ഗ് ലൈഫാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗാട്ട കുസ്തി 2, ആശ തുടങ്ങിയ സിനിമകളാണ് ഐശ്വര്യയുടേതായി അണിയറയിലുള്ളത്.