
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിന്യായത്തെ പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്ത നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. ‘കേരള സ്റ്റോറി 2’ എന്ന സിനിമയുടെ പ്രദർശനവിലക്ക് നീക്കിയതുമായി ബന്ധപ്പെട്ട ഉത്തരവിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി നിശിതമായ വിമർശനം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിക്കാരന്റെ നിലപാടിനെതിരെ രംഗത്തുവന്നത്.
സിംഗിൾ ബെഞ്ച് പ്രദർശനം വിലക്കിയിട്ടും ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തി അനുമതി നൽകിയതിനെക്കുറിച്ച് ഹർജിയിൽ പരാമർശിച്ചതാണ് വിമർശനത്തിന് കാരണമായത്. സിനിമയുടെ പേരിൽനിന്ന് കേരളം എന്നത് നീക്കണമെന്നാവശ്യപ്പെട്ട് കെ.സി. ചന്ദ്രമോഹനനും മെഹ്നാസ് പി. മുഹമ്മദും നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം.
ഇതോടെ ഹർജിക്കാർ നിരുപാധികം ഖേദം പ്രകടിപ്പിച്ചു. ഹർജി പിൻവലിച്ച് പുതിയത് സമർപ്പിക്കാമെന്നും അറിയിച്ചു. തുടർന്ന് ഹർജി തീർപ്പാക്കി. വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി’ക്കെതിരേ എറണാകുളം സി.ജെ.എം. കോടതിയിലും ഹർജി. ആലുവ സ്വദേശി അഡ്വ. കെ.എ. ആബിദ് അലി നൽകിയ ഹർജി ഒൻപതിന് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.
യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്ന തലക്കെട്ടോടെയാണ് സിനിമയുടെ ടീസർ തുടങ്ങുന്നത്. മതപരിവർത്തനം നടത്തുന്നുവെന്നും ഭീകരവാദം നടക്കുന്നുവെന്നുമാണ് ടീസർ പറയുന്നത്. ടീസറിലുള്ളത് സിനിയുടെ ഉള്ളടക്കത്തിൽ ഇല്ലെന്നാണ് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചത്. ടീസർ മതസ്പർധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു.