
മുംബൈ കേന്ദ്രീകരിച്ച് ബിസിനസ്സ് നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയ നിർമ്മാതാവെന്നവകാശപെടുന്ന ബിൽഡർക്കെതിരെ കേസെടുത്ത് പോലീസ്. പ്രശസ്ത മറാഠി ചലച്ചിത്രതാരം വർഷ ഉസ്ഗാവങ്കർ ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായത്. ഡോംബിവ്‌ലിയിലെ ഒരു കൺസ്ട്രക്ഷൻ പ്രോജക്റ്റിൽ നിക്ഷേപിച്ചാൽ വലിയ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അവിനാഷ് ജാദവ് എന്നയാളാണ് പണം തട്ടിയത്.
ഒരു വർഷത്തിനുള്ളിൽ വലിയ തുക ലാഭവിഹിതമായി നൽകാമെന്നും നിക്ഷേപിച്ച തുക സുരക്ഷിതമായിരിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ സിനിമാ താരങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും പണം കൈക്കലാക്കിയത്. വർഷ ഉസ്ഗാവങ്കറെ കൂടാതെ നടി മൃണാളിനി സുഭാഷ് ജംഭാലെയും മറ്റ് മൂന്ന് പേരും ചേർന്ന് 47 ലക്ഷത്തോളം രൂപ ഇയാൾക്ക് നൽകിയിട്ടുണ്ട്.
തുടക്കത്തിൽ വിശ്വസ്തത കാണിക്കാനായി നിക്ഷേപകർക്ക് ഏകദേശം 4.52 ലക്ഷം രൂപ ഇയാൾ ലാഭവിഹിതമായി നൽകിയിരുന്നു. എന്നാൽ പിന്നീട് പണം നൽകുന്നത് നിർത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പണം തിരികെ ചോദിച്ച നിക്ഷേപകരോട് അത് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇയാൾ വ്യക്തമാക്കിയതായും പരാതിയിലുണ്ട്.
ശിവാജി പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി എത്തിയതോടെ അവിനാഷ് ജാദവ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾ തന്റെ ഫോൺ നമ്പറും സ്ഥിരം വിലാസവും മാറ്റിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് മുംബൈ പോലീസ്.