
“തലൈവ ഒരു പൊളിറ്റിക്കൽ സിനിമ അല്ല. അത് ആ രീതിയിൽ ആളുകളിലേക്ക് എത്തിയത് ഞങ്ങൾക്ക് വലിയ ഷോക്ക് ആയിരുന്നു.”
വിജയ് ചിത്രം ‘തലൈവ‘ ചിത്രത്തെ കുറിച്ചുണ്ടായിരുന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി സംവിധായകൻ എ എല്‍ വിജയ്. സിനിമയുടെ ടാഗ് ലൈനിനെ ചൊല്ലിയായിരുന്നു അന്നത്തെ വിവാദം. തലൈവ എന്നത് മാത്രമായിരുന്നു തന്റെ സിനിമയുടെ പേരെന്നും ‘ടൈം ടു ലീഡ്’ എന്ന് ചേർത്തത് സിനിമയുടെ പ്രൊഡ്യൂസർ ആണെന്നും എ എല്‍ വിജയ് പറഞ്ഞു. കൂടാതെ തലൈവ ഒരു പൊളിറ്റിക്കൽ സിനിമ അല്ലെന്നും, ചിത്രം ആളുകളിലേക്ക് ആ രീതിയിലെത്തിയത് തങ്ങൾക്ക് വലിയ ഷോക്കായി പോയെന്നും വിജയ് കൂട്ടിച്ചേർത്തു. ‘തലൈവ: ടൈം ടു ലീഡ്’എന്നായിരുന്നു ടാഗ് ലൈൻ.
‘തലൈവ’ എന്നത് മാത്രമാണ് എന്റെ ടൈറ്റിൽ അതിനൊപ്പം ടൈം ടു ലീഡ് എന്ന് ചേർത്തിരുന്നത് സിനിമയുടെ പ്രൊഡ്യൂസർ ആണ്. ആ ടൈറ്റിലിന് അത് കൃത്യം ആയത് കൊണ്ടാണ് അത് ചേർത്തത്. തലൈവ ഒരു പൊളിറ്റിക്കൽ സിനിമ അല്ല. അത് ആ രീതിയിൽ ആളുകളിലേക്ക് എത്തിയത് ഞങ്ങൾക്ക് വലിയ ഷോക്ക് ആയിരുന്നു. സത്യരാജ് സാറിനെ ആശ്രയിച്ചിരുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടായിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ സ്ഥാനത്തേക്ക് മകൻ വിജയ് വന്നു. അത്രയേയുള്ളൂ, ആ കൂട്ടത്തിന് ഒരു തെളിവാണ് ആയി എന്നത് അല്ലാതെ മറ്റൊന്നും ഇല്ല. അതൊരു നോൺ പൊളിറ്റിക്കൽ പടമാണ്. അതിനെ എന്തിനാണ് പൊളിറ്റിക്കൽ ചിത്രമായി മാറ്റിയത് എന്ന് അറിയില്ല.’ എ എല്‍ വിജയ് പറഞ്ഞു.
2013ൽ വിജയ്യെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രമായിരുന്നു തലൈവ. ചിത്രം വൻ കളക്ഷൻ ആണ് തിയേറ്ററിൽ നിന്ന് നേടിയത്. സിനിമയ്ക്ക് തിരക്കഥ എഴുതിയതും സംവിധായകൻ വിജയ് ആയിരുന്നു. അമല പോൾ ആയിരുന്നു സിനിമയിൽ നായിക. ചിത്രത്തിന്റെ ‘തലൈവ: ടൈം ടു ലീഡ്’ എന്ന ടാഗ്ലൈൻ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിനെ അന്ന് ചൊടിപ്പിചിരുന്നു. തമിഴകത്തിന് ഒരൊറ്റ തലൈവർ, അത് എംജിആർ എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സിനിമയിൽ മുസ്ലീം വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന പേരിലും പ്രതിഷേധം ഉയർന്നിരുന്നു. സിനിമയുടെ തമിഴ്നാട് റിലീസ് ഒരാഴ്ചയ്ക്ക് മുകളിലാണ് വൈകിയത്. കേരളത്തിലാണ് ഈ സിനിമ ആദ്യം റിലീസാകുന്നത്.
അതേസമയം, വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണ് ജനനായകൻ. തിയേറ്റർ റീലീസ് കാത്ത് ഇരിക്കുകയാണ് ആരാധകർ. സെൻസർ ബോർഡ് വിഷയങ്ങളെ ചൊല്ലി സിനിമയുടെ റിലീസ് വൈകുകയാണ്. തമിഴ് നാട് ഇലക്ഷൻ കഴിഞ്ഞ ശേഷം മാത്രമായിരിക്കും ചിത്രം റീലീസ് ചെയുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.