
2024 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ബാലതാരമായി ബേബി അമേയ തിരഞ്ഞെടുക്കപ്പെട്ടു. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത “സ്വർഗ്ഗ വാതിൽ പക്ഷി” എന്ന സീരിയലിലെ പ്രകടനത്തിനാണ് നേട്ടം. പരമ്പരയിൽ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് അമേയ അവതരിപ്പിച്ചത്. ഇരട്ട വേഷത്തിലാണ് അമേയ പരമ്പരയിലെത്തിയതെന്നതും ശ്രദ്ധേയമാണ്. 2024 സെപ്റ്റംബർ 23 മുതൽ സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത സീരിയൽ നിർമിച്ചിരിക്കുന്നത് മില്ലേനിയം ഓഡിയോസാണ്. ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംവിധാനവും വയലാർ മാധവൻ കുട്ടിയാണ് നിർവഹിച്ചിരുന്നത്.
ഫ്ലവേഴ്സ് ചനങ്ങളിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സിറ്റ്കോമിലെ പാറുക്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് അമേയ പ്രശസ്തയായത്. സ്റ്റാർ മാജിക്, കോമഡി ഉത്സവം എന്നീ പരിപാടികളിലും പാറുകുട്ടിയായി തന്നെ അമേയ പ്രത്യക്ഷപെട്ടു. പിന്നീട് സീ കേരളത്തിലെ “എരിവും പുളിയും” എന്ന ടെലി ഫിലിം. സൂര്യ ടീവിയിലെ കളിവീട്, തുടങ്ങിയ പരമ്പരയിലും അമേയ പ്രത്യക്ഷപെട്ടു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒത്തിരിയൊത്തിരിയാണ് അമേയയുടെ ഏറ്റവും പുതിയ സീരിയൽ. ഇന്ന് രാവിലെയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിച്ചത്. അമൃത ടീവിയിലെ “മഴയെത്തും മുൻപേ” എന്ന സീരിയലിലെ കൃഷ്ണ മേനോനാണ് മികച്ച നടൻ, അതേ സീരിയലിലെ ശ്രീധന്യയാണ് മികച്ച നടി. കിഷോർ റോഷിക്ക് മികച്ച രണ്ടാമത്തെ നടനും, ജാനകി മന്ത്ര മികച്ച രണ്ടാമത്തെ നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സീരിയൽ മഴയെത്തും മുൻപേയും, മികച്ച ഹാസ്യ പരിപാടി “മാറിമായവുമാണ്.”
അതേ സമയം പ്രതീക്ഷിച്ച നിലവാരം സീരിയലുകൾക്കുണ്ടായിരുന്നില്ലെന്നും, സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാകുന്ന പ്രവണത തുടർന്ന് പോന്നതാണെന്നും ജൂറി വിമർശിച്ചു. സാമൂഹികപരമായും, സ്ത്രീ മുന്നേറ്റത്തിലും പ്രതീക്ഷിച്ച നിലവാരം പുലർത്താൻ സീരിയലുകൾക്ക് കഴിഞ്ഞില്ലെന്നും ജൂറി കുറ്റപ്പെടുത്തി. കൂടാതെ കുട്ടികൾ അഭിനയിച്ചത് കൊണ്ട് മാത്രം കുട്ടികളുടെ പരിപാടി ആകില്ലെന്നും, കുട്ടികളുടെ വീക്ഷണത്തിൽ നിന്ന് ചിത്രങ്ങളെടുക്കുന്നതിൽ പരിപാടികൾ വിജയിച്ചില്ലെന്നും ജൂറി പറഞ്ഞു. സീരിയലുകളെ അപേക്ഷിച്ച് ടെലിഫിലിമുകൾ ഭേദപ്പെട്ട നിലവാരം പുലർത്തി. എന്നാൽ, സീരിയലുകൾ ആവർത്തിച്ചു മടുത്ത പ്രമേയങ്ങളിലാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന പഴയ പ്രവണത തന്നെ തുടരുന്നു. മിക്ക പരമ്പരകളും അന്യഭാഷാ സീരിയലുകളുടെ അനുവർത്തനങ്ങളായിരുന്നു. സംഗീതത്തിന്റെ കാര്യത്തിലും മൗലികതയില്ലെന്നും ‘സ്റ്റോക്ക് മ്യൂസിക്’ രീതി ഒഴിവാക്കി പുതിയ പരീക്ഷണങ്ങൾ നടത്തണമെന്നും ജൂറി നിർദ്ദേശിച്ചു. എന്നാൽ, വാർത്താധിഷ്ഠിത പരിപാടികളിൽ കൃത്യത, മിതത്വം, വസ്തുത, നിഷ്പക്ഷത എന്നിവയുടെ ഗുരുതരമായ അഭാവമുണ്ടെന്ന് ജൂറി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പാർശ്വവത്കൃത ജനവിഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ടിംഗിൽ സമഗ്രതയില്ല. രചനാ വിഭാഗത്തിൽ മികച്ച ടെലിവിഷൻ ഗ്രന്ഥത്തിന് അർഹമായ കൃതികളൊന്നും ലഭിച്ചില്ല.
എങ്കിലും പുതിയ സമീപനങ്ങൾ പരിചയപ്പെടുത്തുന്ന ‘ടെലിവിഷൻ; വിനിമയവും വിശകലനവും’ എന്ന ഗ്രന്ഥത്തിന് പ്രത്യേക ജൂറി പരാമർശം നൽകാൻ ശുപാർശ ചെയ്തു. മികച്ച രണ്ടാമത്തെ പരമ്പര- വസുധ, മികച്ച കോമഡി പ്രോഗ്രാം- മറിമായം, മികച്ച ടെലിഫിലിം (20 മിനിറ്റിൽ താഴെ)- മൊളഞ്ഞി, 20 മിനിറ്റിൽ കൂടുതൽ- എഫ് ഫോർ ഫ്രീഡം, മികച്ച കുട്ടികളുടെ ഹ്രസ്വ ചിത്രം – ട്രാപ്പ്. ഛായാഗ്രാഹകൻ -വിഷ്ണു ജി.എസ് എഡിറ്റിങ് -ഫാസിൽ റസാഖ് സംഗീത സംവിധായകൻ -വൈശാഖ് സോമനാഥ് ശബ്ദ ലേഖകൻ – അക്ഷയ് വാൽകേ കലാസംവിധായകൻ – ഇഷാഖ് മുസാഫിർ. സംവിധായകനും ഛായാഗ്രാഹകനുമായ പി. സുകുമാറാണ് കഥാവിഭാഗം ജൂറി ചെയർമാൻ. കഥേതര വിഭാഗത്തിൽ ജോൺ സാമുവൽ, രചനാ വിഭാഗത്തിൽ ഡോ. വത്സലൻ വാതുശ്ശേരി എന്നിവരാണ് ജൂറിയെ നയിച്ചത്.