
തെലുങ്ക് ഭാഷായിൽ പുറത്തിറങ്ങിയ ‘അമ്മു‘ എന്ന ചിത്രം ചെയ്യരുതെന്ന് തന്നോട് പലരും പറഞ്ഞിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. നടിമാര്‍ അവരുടെ കരിയറിന്റെ അവസാനമാണ് സ്ത്രീപക്ഷ സിനിമകള്‍ ചെയ്യുക, അത്തരമൊരു സിനിമ ചെയ്യുകയാണെങ്കില്‍ തന്നെ ആരും ഒരു കൊമേഴ്ഷ്യല്‍ നായികയായി കരുതില്ലെന്നും ആളുകൾ പറഞ്ഞെന്ന് ഐശ്വര്യ പറഞ്ഞു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘തെലുങ്ക് സിനിമ വലിയൊരു കൊമേഴ്ഷ്യല്‍ സ്‌പേസാണ്. അവിടെ അത്തരമൊരു സിനിമ ചെയ്യുകയാണെങ്കില്‍ എന്നെ ഒരു കൊമേഴ്ഷ്യല്‍ നായികയായി കരുതില്ല. നടിമാര്‍ അവരുടെ കരിയറിന്റെ അവസാനമാണ് സ്ത്രീപക്ഷ സിനിമകള്‍ ചെയ്യുക എന്നൊക്കെ പലരും പറഞ്ഞു. ആ സിനിമ ഗാര്‍ഹിക പീഡനത്തെക്കുറിച്ചാണ്. അമ്മു എന്ന കഥാപാത്രം ചെയ്യാനായതില്‍ ഒരുപാട് സന്തോഷം. അതുപോലെയാണ് ഗാട്ടാ ഗുസ്തി എന്ന സിനിമയും. സങ്കീര്‍ണമായ കഥാപാത്രങ്ങളാണ് എനിക്കിഷ്ടം. എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റ് വാല്യു മനസിലായിട്ടാണ് ഗാട്ടാ ഗുസ്തി തെരഞ്ഞെടുത്തത്.’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യയുടേതായി ഒടുവിലിറങ്ങിയ മലയാള ചിത്രം ഹലോ മമ്മിയാണ്. സമീപകാലത്ത് മലയാളത്തില്‍ ചെയ്ത കിങ് ഓഫ് കൊത്തയുള്‍പ്പെടെയുള്ള ഐശ്വര്യയുടെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. സൂരി നായകനായ മാമനാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.