‘ദ കേരള സ്റ്റോറി 2’ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്യുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി; ഇടക്കാല ഉത്തരവ്

','

' ); } ?>

‘ദ കേരള സ്റ്റോറി 2’ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറത്തിറക്കി മദ്രാസ് ഹൈക്കോടതി. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും കേബിൾ ടിവി ഓപ്പറേറ്റർമാരും നിയമവിരുദ്ധമായി സംപ്രേഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് നടപടി. നിയമവിരുദ്ധമായ സംപ്രേഷണം നിർമാതാക്കൾക്ക് നികത്താനാവാത്ത നഷ്ടമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ആണ് ഹർജിയിൽ ഇടക്കാല ഉത്തരവിട്ടത്. സിനിമയുടെ പകർപ്പ് അവകാശം സ്ഥാപിക്കാൻ സെൻസർ സർട്ടിഫിക്കറ്റാണ് നിർമാതാക്കൾ ഹാജരാക്കിയത്.

സിനിമയുടെ പകർപ്പവകാശം ലംഘിക്കപ്പെടാൻ സാധ്യതയുണ്ടെന്ന നിർമാതാക്കളുടെ ആശങ്ക കോടതി ശരിവക്കുകയായിരുന്നു. മാർച്ച് 23 വരെയാണ് ഈ സ്റ്റേ നിലനിൽക്കുക. കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 28നാണ് തിയേറ്ററുകളിൽ എത്തിയത്. കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ ചിത്രത്തിന്റെ റിലീസ് തടഞ്ഞിരുന്നെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് അനുമതി നൽകുകയായിരുന്നു. സിനിമയുടെ ഉള്ളടക്കം മത സൗഹാർദത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് റിലീസ് തടഞ്ഞിരുന്നത്. ഇതിനെതിരെ സിനിമയുടെ നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ നൽകിയ അപ്പീലിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ്‌ ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ നീക്കിയത്.

നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകുന്ന മൂന്ന് യുവതികളുടെ കഥ പറയുന്ന ചിത്രം പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നാണ് ആരോപണം. ചിത്രത്തിന് ‘കേരള സ്റ്റോറി’ എന്ന പേര് നൽകിയതിന് പിന്നിൽ രാഷ്ട്രീയ അജണ്ടകളുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.