കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി; പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യത്തില്‍ നാളെയും വാദം തുടരും

','

' ); } ?>

കേരള സ്റ്റോറി 2 വിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷനെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വിധി പറയുന്നതുവരെ റിലീസ് പാടില്ലെന്നാണ് നടപടി. സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വാദം കേള്‍ക്കല്‍ അവസാനിക്കുന്നതുവരെയും കോടതി തീരുമാനമെടുക്കുന്നതുവരെയും കാത്തിരിക്കുക എന്നാണ് നിര്‍മാതാക്കള്‍ക്ക് കോടതി നല്‍കിയിട്ടുള്ള നിര്‍ദേശം. വെള്ളിയാഴ്ച ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കെ പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യത്തില്‍ നാളെയും വാദം തുടരും.

കേരള സ്റ്റോറിക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) നല്‍കിയ സര്‍ട്ടിഫിക്കറ്റിനെയും കോടതി വിമര്‍ശിച്ചു. അതേ സമയം ‘കേരള സ്റ്റോറി 2’ സിനിമ കോടതി കാണുന്നതില്‍ നിര്‍മ്മാതാവ് എതിര്‍പ്പറിയിച്ചു. സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെന്‍സര്‍ ബോര്‍ഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദര്‍ശനത്തിന് എത്തുന്നതെന്നും നിര്‍മാതാക്കള്‍ സത്യവാങ്മൂലം നല്‍കി.

കൂടാതെ “സെൻസർ ബോർഡിന്റെ അനുമതിക്കായി എല്ലാ നടപടികളും ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തടയാനുള്ള ഹർജി വൈകിയാണ് ഫയൽ ചെയ്തത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് കോടതിയെ സമീപിച്ചതെന്നും” സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലറോ ടീസറോ പിൻവലിക്കാൻ കോടതി ഉത്തരവിട്ടിട്ടില്ലെന്ന് നിർമാണക്കമ്പനിയായ സൺഷൈൻ പിക്ചേഴ്സ് വെളിപ്പെടുത്തി. ടീസർ പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നിർമാതാക്കൾ ഔദ്യോ​ഗികമായി പുറത്തുവിട്ട പ്രസ്താവനയിലൂടെ പറയുന്നു.

വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ സിനിമയുടെ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സംവിധാനം ചെയ്തിരിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.