
കേരള സ്റ്റോറി 2 സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം നെട്ടൂർ സ്വദേശി ഫ്രെഡി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തെ അപമാനിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ചിത്രത്തിന് കേരളം എന്ന പേര് ഉപയോഗിച്ചതെന്നാണ് ഫ്രെഡി പറയുന്നത്. കൂടാതെ കേരളത്തിലെ ജനങ്ങളുടെ വികാരത്തെ വൃണപ്പെടുത്തന്നതാണ് സിനിമയെന്ന് ഫെഡ്രിയുടെ അഭിഭാഷകർ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല എന്നാണ് ഹർജികൾ പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കിയിരുന്നത്.
അതേ തുടർന്ന് സിനിമയുടെ നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോട് കോടതി വിശദീകരണം തേടിയിരുന്നു. നടന്ന സംഭവങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് കേരള സ്റ്റോറി എന്നായിരുന്നു നിർമാതാക്കളുടെ അവകാശ വാദം.സിനിമ കാണണം എന്ന ആവശ്യം ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു. അതിന് ശേഷമാകും കോടതി ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
കേരള സ്റ്റോറി 2 എന്ന സിനിമയുടെ ടീസറും ട്രൈയിലറും പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് ഉയരുന്നത്. കേരള സ്റ്റോറി എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയിൽ കേരളവുമായി പുലബന്ധം പോലുമില്ലാത്ത രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ഉയരുന്ന വിമർശനം. സിനിമയ്ക്കെതിരെ കേരള ഹൈക്കോടതിയിൽ മൂന്ന് ഹർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്.
വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ സിനിമയുടെ ട്രെയ്ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യ വൈകാതെ മുസ്ലീം രാഷ്ട്രമാകും എന്ന് പറഞ്ഞു കൊണ്ടാണ് ഈ ട്രെയ്ലർ ആരംഭിക്കുന്നത്. ഒരു യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും അവരെ ബലം പ്രയോഗിച്ച് ഒരു മലയാളി കഴിപ്പിക്കുകയും ചെയ്യുന്ന രംഗം വലിയ ചർച്ചകൾക്ക് ഇടയാക്കി. രാജ്യത്ത് പ്രണയം നടിച്ച് മതപരിവർത്തനം നടക്കുന്നുവെന്ന തീവ്ര വലതുപക്ഷ ആഖ്യാനമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. അതിരൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയെ വിമർശിച്ചത്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളാ മാതൃകയെ ഭയക്കുന്നവരാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് എങ്ങനെയെന്നത് ആശ്ചര്യകരമാണെന്നും കൂട്ടിച്ചേർത്തു.
ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സംവിധാനം ചെയ്തിരിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.