‘കേരള സ്‌റ്റോറി 2’ ക്കെതിരായ ഹർജി പരിഗണിച്ച് ഹൈക്കോടതി; സിനിമ ഹൈക്കോടതി കാണും, ശേഷം തീരുമാനം

','

' ); } ?>

‘കേരള സ്‌റ്റോറി 2’ ന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയി നടപടി സ്വീകരിച്ച് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനാ ബെഞ്ച് നാളെ സിനിമ കണ്ട് വിലയിരുത്തും. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനും നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഏതെങ്കിലും മത വിഭാഗത്തെ ബാധിക്കുന്ന ഭാഗങ്ങള്‍ സിനിമയിലില്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി. വിവാദമായ ടീസർ പിൻവലിക്കുമോയെന്ന് നിർമാതാക്കളോട് ചോദിച്ച കോടതി സിനിമ പ്രദർശനയോഗ്യമാണോയെന്ന് മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമാണ് ‘ ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’. ‘യുഎ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. സാധാരണ ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾക്ക് ‘എ’ സർട്ടിഫിക്കറ്റാണ് അനുവദിക്കുന്നത്. എന്നിട്ടും മതവിദ്വേഷം പരത്തുന്നു എന്ന ആരോപണം നേരിടുന്ന ചിത്രത്തിന് ‘യുഎ’ സർട്ടിഫിക്കറ്റ് അനുവദിച്ച സിബിഎഫ്‌സി നടപടി വലിയ വിമർശനം നേരിടുന്നുണ്ട്.

വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ സിനിമയുടെ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യ വൈകാതെ മുസ്ലീം രാഷ്ട്രമാകും എന്ന് പറഞ്ഞു കൊണ്ടാണ് ഈ ട്രെയ്‌ലർ ആരംഭിക്കുന്നത്. ഒരു യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും അവരെ ബലം പ്രയോഗിച്ച് ഒരു മലയാളി കഴിപ്പിക്കുകയും ചെയ്യുന്ന രംഗം വലിയ ചർച്ചകൾക്ക് ഇടയാക്കി. രാജ്യത്ത് പ്രണയം നടിച്ച് മതപരിവർത്തനം നടക്കുന്നുവെന്ന തീവ്ര വലതുപക്ഷ ആഖ്യാനമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അതിരൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയെ വിമർശിച്ചത്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളാ മാതൃകയെ ഭയക്കുന്നവരാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് എങ്ങനെയെന്നത് ആശ്ചര്യകരമാണെന്നും കൂട്ടിച്ചേർത്തു.

ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സംവിധാനം ചെയ്തിരിക്കുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.