
മ്യൂസിക് ലേബലായ ‘സരിഗമ’ സംഗീത സംവിധായകൻ ഇളയരാജയ്ക്കെതിരെ ഫയൽ ചെയ്ത ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി. സരിഗമയുടെ പക്കലുള്ള ഗാനങ്ങളും ഈണങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽനിന്ന് കോടതി ഇളയരാജക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഗാനങ്ങൾ വിവിധ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ സ്വന്തം പേരിൽ അപ്‌പ്ലോഡ് ചെയ്‌തതാണ് ഇളയരാജയ്ക്കെതിരെ നടപടിക്ക് കാരണമായത്. ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഫെബ്രുവരി 13-ന് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ആമസോൺ മ്യൂസിക്, ഐട്യൂൺസ്, ജിയോസാവൻ തുടങ്ങിയ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ സരിഗമയുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ അപ്ലോഡ് ചെയ്തതിനെത്തുടർന്നാണ് കമ്പനി നിയമനടപടി സ്വീകരിച്ചത്. ഇളയരാജയുടെ നടപടി സരിഗമയ്ക്ക് നികത്താനാവാത്ത നഷ്ടമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇളയരാജയോ അദ്ദേഹത്തിന്റെ പങ്കാളികളോ ഏജൻ്റുമാരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഉപയോഗിക്കാനോ മൂന്നാം കക്ഷികൾക്ക് ലൈസൻസ് നൽകാനോ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന് ഇളയരാജ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ നടപടി സരിഗമയുടെ പകർപ്പവകാശത്തിന്മേലുള്ള ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
1976 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ വിവിധ സിനിമാ നിർമാതാക്കളുമായി ഉണ്ടാക്കിയ കരാറുകൾ പ്രകാരം ഈ ഗാനങ്ങളുടെ പകർപ്പവകാശം തങ്ങൾക്കാണെന്ന് സരിഗമ വാദിച്ചു. 1957-ലെ പകർപ്പവകാശ നിയമപ്രകാരം, പ്രത്യേക കരാറുകൾ ഇല്ലെങ്കിൽ സിനിമാ നിർമ്മാതാവാണ് ആ സിനിമയ്ക്കായി നിർമ്മിച്ച സൃഷ്‌ടികളുടെ ആദ്യ ഉടമയെന്നും കമ്പനി കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ കണക്കിലെടുത്താണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.