
അക്ഷരങ്ങളുടെ മാന്ത്രികതയെ ഗിരീഷ് പുത്തഞ്ചേരിയോളം സ്വായത്തമാക്കിയ മറ്റൊരു എഴുത്തുകാരനുണ്ടോ എന്ന് സംശയമാണ്. ആസ്വാദകന്റെ വികാരങ്ങളെ അക്ഷരക്കൂട്ടുകളിൽ അത്രമേൽ ആവാഹിച്ചൊരു എഴുത്തുകാരൻ. ‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി‘ എന്ന് പാടുമ്പോൾ ആ വരികളിൽ പ്രകടമായ വിങ്ങൽ ഇന്നും മലയാളിയെ കരയിപ്പിക്കുന്നുണ്ടെങ്കിൽ, അത് ആ അക്ഷരങ്ങളിൽ അദ്ദേഹം പകർന്നു നൽകിയ ആത്മാവ് കൊണ്ടാണ്. എം.ജി രാധാകൃഷ്ണന്റെയും രവീന്ദ്രൻ മാഷിന്റെയും വിദ്യാസാഗറിന്റെയുമൊക്കെ ഈണങ്ങൾക്കൊപ്പം പുത്തഞ്ചേരിയുടെ വരികൾ ഇഴചേർന്നപ്പോൾ മലയാളി സാക്ഷ്യം വഹിച്ച സുവർണ കാലഘട്ടത്തിന് തിരശീല വീണിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ആ എഴുത്തുകാരനിന്നും ഏറ്റവും മനോഹരമായി നില നിൽക്കുന്നു. പുത്തഞ്ചേരിയില്ലാത്ത പതിനാറു വർഷങ്ങൾ. മലയാളത്തിന്റെ അനശ്വര എഴുത്തുകാരന് സെല്ലുലോയ്ഡിന്റെ ഓർമപ്പൂക്കൾ.
‘സൂര്യകിരീടം വീണുടഞ്ഞു’, ‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ’, ‘കണിക്കൊന്നയല്ലേ നിൻ ചിരി’,’എത്രയോ ജന്മമായി‘, എന്നിങ്ങനെ ആ പട്ടിക അവസാനിക്കാത്തതാണ്. ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ അദ്ദേഹം, താൻ വെറുമൊരു വാക്കുകളുടെ പണിക്കാരനല്ല, മറിച്ച് വികാരങ്ങളുടെ ശില്പിയാണെന്ന് തെളിയിച്ചു.
മലയാള ചലച്ചിത്ര സംഗീത ലോകത്ത് എഴുത്തിന്റെ ഒരുകാലഘട്ടത്തെ തന്റെ കൈവെള്ളയിൽ ഒതുക്കി നിർത്തിയ മാന്ത്രികനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പാട്ടുകളുടെ പാലാഴി തീർത്ത ആ തൂലികയ്ക്ക് വിശ്രമമില്ലായിരുന്നു. പ്രണയത്തിന്റെ തീവ്രതയും, വിരഹത്തിന്റെ കയ്പ്പും, ഭക്തിയുടെ ലഹരിയും, വിപ്ലവത്തിന്റെ ചൂടും ഒരേപോലെ ആ അക്ഷരങ്ങളിൽ മിന്നിമറഞ്ഞു. കോഴിക്കോടിന്റെ നന്മയും മാപ്പിളപ്പാട്ടിന്റെ ഇശലുകളും നാടൻ പാട്ടിന്റെ താളവും ഒത്തുചേർന്ന ആ വരികൾ മലയാളിയുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറി. മലയാളിക്ക് ഗിരീഷ് പുത്തഞ്ചേരി വെറുമൊരു ഗാനരചയിതാവല്ല. പെയ്യാൻ വെമ്പുന്ന മഴ മേഘങ്ങളെ നോക്കി നൊമ്പരപ്പെടുമ്പോഴും, കുന്നിൻ ചെരുവിലെ കാറ്റേറ്റ് നിൽക്കുമ്പോഴും നമ്മുടെ ഉള്ളിൽ പുത്തഞ്ചേരിയുടെ വരികൾ മൂളുന്നുണ്ടാകും.
ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ അദ്ദേഹം, വാണിജ്യ സിനിമകളുടെ ചേരുവകൾക്കൊപ്പം തന്നെ ക്ലാസിക് ടച്ചുള്ള ഗാനങ്ങളും ഒരുപോലെ സൃഷ്ടിച്ചു. രവീന്ദ്രൻ മാസ്റ്ററുടെയും വിദ്യാസാഗറിന്റെയും എം.ജി. രാധാകൃഷ്ണന്റെയും ഈണങ്ങൾക്ക് അദ്ദേഹം നൽകിയ അക്ഷരങ്ങൾ മലയാള സംഗീത ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളാണ്. ഒരു രാത്രി കൊണ്ട് ഹിറ്റുകൾ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ വേഗതയും, വരികളിലെ ഗഹനതയും സമകാലികർക്കിടയിൽ അദ്ദേഹത്തെ വേറിട്ടു നിർത്തി. കോഴിക്കോടൻ മണ്ണിലെ പുത്തഞ്ചേരി എന്ന ഗ്രാമത്തിൽ നിന്ന് വന്ന് മലയാള സിനിമയുടെ നെറുകയിൽ എത്തുമ്പോഴും അദ്ദേഹത്തിന്റെ വരികളിൽ ആ മണ്ണിന്റെ മണമുണ്ടായിരുന്നു. കടൽക്കാറ്റും കല്ലുമ്മക്കായയുടെ രുചിയും സുഹൃദ്ബന്ധങ്ങളുടെ ഇഴയടുപ്പവും അദ്ദേഹത്തിന്റെ സംഭാഷണങ്ങളിലും പാട്ടുകളിലും നിറഞ്ഞുനിന്നു. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ഓരോ വരിയും ഒരു ദൃശ്യം പോലെ നമ്മുടെ മുന്നിൽ തെളിയും.
1961 മേയ് 1-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള പുത്തഞ്ചേരിയിൽ ജനിച്ച ഗിരീഷ്, ജ്യോതിഷവും വൈദ്യവും വ്യാകരണവും അറിയുന്ന പണ്ഡിതനായിരുന്ന പുളിക്കൂൽ കൃഷ്ണപ്പണിക്കരുടെയും, കർണാടകസംഗീത വിദുഷിയായ മീനാക്ഷിയമ്മയുടെയും മകനായിരുന്നു. വീട്ടിൽ തന്നെ സംഗീതവും സാഹിത്യവും ചേർന്ന അന്തരീക്ഷം അദ്ദേഹത്തിന്റെ സർഗാത്മകതയ്ക്ക് വളക്കൂറായി. ചെറുപ്പത്തിലേ മലയാളസാഹിത്യത്തോടുള്ള ആകർഷണം പ്രകടമായിരുന്നു. ബാലസംഘങ്ങളിലും സാംസ്കാരിക കൂട്ടായ്മകളിലും സജീവമായിരുന്ന ഗിരീഷ്, നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും, പതിനാലാം വയസ്സിൽ ആദ്യ കവിത പ്രസിദ്ധീകരിക്കുകയും ചെയ്തു.
ആകാശവാണിക്കായി ലളിതഗാനങ്ങൾ എഴുതിയതോടെയാണ് പുത്തഞ്ചേരിയുടെ പാട്ടെഴുത്തിന് തുടക്കം. 1989-ൽ പുറത്തിറങ്ങിയ എൻക്വയറി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രഗാനരചനാരംഗത്തേക്ക് എത്തുന്നത്. എന്നാൽ, യഥാർത്ഥത്തിൽ മലയാള സിനിമ അദ്ദേഹത്തെ തിരിച്ചറിഞ്ഞത് 1992-ൽ ജോണി വാക്കർ എന്ന ചിത്രത്തിലെ “ശാന്തമീ രാത്രിയിൽ” എന്ന ഗാനത്തിലൂടെയാണ്. ആ ഗാനത്തോടെ, ഒരു പുതുതലമുറ ഗാനരചയിതാവിന്റെ വരവ് മലയാള സിനിമ അടയാളപ്പെടുത്തി.
അതിനുശേഷം, പുത്തഞ്ചേരി മലയാളികൾക്ക് സമ്മാനിച്ചത് പാട്ടുകളുടെ വസന്തകാലമാണ്. സമ്മർ ഇൻ ബെത്ലഹേം, ദേവാസുരം, മിന്നാരം, മീശമാധവൻ, ബാലേട്ടൻ, നന്ദനം, ആറാം തമ്പുരാൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, രാവണപ്രഭു, മാടമ്പി… എണ്ണിപ്പറഞ്ഞാൽ തീരാത്ത ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾ. ഓരോ പാട്ടും, ഓരോ ജീവിതാവസ്ഥയുമായി ചേർന്നുനിൽക്കുന്നവ. “ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞുമൺവിളക്ക് ഊതിയില്ലേ…” ഈ വരികൾ കേൾക്കുമ്പോൾ തന്നെ, നഷ്ടത്തിന്റെയും നിസ്സഹായതയുടെയും ഒരു നിശബ്ദവേദന മനസ്സിൽ നിറയും. മരണത്തെക്കുറിച്ച് എഴുതുമ്പോൾ പോലും, പുത്തഞ്ചേരി ഹൃദയം ചേർത്തുവച്ചാണ് വരികൾ എഴുതിയത്. പ്രണയമെഴുതുമ്പോൾ, അദ്ദേഹം ഒരു ഗന്ധർവനായി മാറിയതുപോലെ തോന്നിപ്പിച്ചു. “എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…” ഈ വരികൾ ഒരിക്കലെങ്കിലും ചുണ്ടിലെത്താത്ത മലയാളി പ്രണയികൾ വിരളമാണ്. പ്രണയലേഖനങ്ങളിലും ഓട്ടോഗ്രാഫുകളിലും, ഡയറിയുടെ അറ്റങ്ങളിൽ പോലും ഈ വരികൾ പതിഞ്ഞുകിടന്നു. അമ്മമാരുടെ സ്നേഹത്തെ ഇത്രമേൽ ആർദ്രമായി വരികളിലൊതുക്കിയ മറ്റൊരു ഗാനരചയിതാവുണ്ടാകുമോ? “എന്തു പറഞ്ഞാലും നീയെന്റേതല്ലേ വാവേ…”ഈ പാട്ട് മൂളിപ്പാടാത്ത അമ്മമാരുണ്ടാകുമോ? വാത്സല്യത്തിന്റെ ചൂട് പകരുന്ന വാക്കുകളായിരുന്നു പുത്തഞ്ചേരിയുടേത്. രാജകീയതയും പതനവും ഒരുമിച്ച് അവതരിപ്പിച്ച“സൂര്യകിരീടം വീണുടഞ്ഞു…” എന്ന ദേവാസുരം ഗാനം, മലയാള സിനിമയിലെ ഏറ്റവും ദുഃഖാർദ്രമായ വരികളിലൊന്നായി ഇന്നും നിലകൊള്ളുന്നു.
ഗാനരചനയിലൊതുങ്ങിയില്ല ഗിരീഷ് പുത്തഞ്ചേരിയുടെ തൂലിക. മേലേപ്പറമ്പിൽ ആൺവീട്, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും, വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, ബ്രഹ്മരക്ഷസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും അദ്ദേഹം രചിച്ചു. ഒരു ദിവസം സ്വന്തം സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ ഫലമായിരുന്നു ‘വടക്കും നാഥൻ’ എന്ന ചിത്രം, എങ്കിലും അത് സംവിധാനം ചെയ്യാൻ ഭാഗ്യം ലഭിച്ചത് ഷാജൂൺ കാര്യാലിനായിരുന്നു. ഒ.എൻ.വി. കുറുപ്പിന് ശേഷം, ഏറ്റവും കൂടുതൽ തവണ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതും ഗിരീഷ് പുത്തഞ്ചേരിയാണ്. ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ ബഹുമുഖ പ്രതിഭയെന്ന പേരും അദ്ദേഹത്തിനുണ്ട്.
2010 ഫെബ്രുവരി 10-ന്, 49-ാം വയസ്സിൽ, ഗിരീഷ് പുത്തഞ്ചേരി നമ്മളെ വിട്ടുപോയി. കാലം ആ മൺവിളക്ക് നേരത്തെ ഊതിക്കെടുത്തിയെങ്കിലും, അദ്ദേഹം എഴുതിവെച്ച വരികൾ ഇന്നും മലയാളിയുടെ പാട്ടോർമ്മകളിൽ കനകമുന്തിരികൾ പോലെ കൊരുത്തുകിടക്കുന്നു. കാലം എത്ര കടന്നുപോയാലും, ഡിജിറ്റൽ യുഗത്തിലെ പുതിയ സംഗീത ശൈലികൾക്കിടയിലും ഗിരീഷ് പുത്തഞ്ചേരി എന്ന പേര് ഒരു നൊസ്റ്റാൾജിയയായി അവശേഷിക്കും. മരിക്കാത്ത കുറേ നല്ല വരികൾ ബാക്കിവെച്ച് ആ ഗന്ധർവ്വൻ മടങ്ങിയെങ്കിലും, ഓരോ തവണ റേഡിയോയിലൂടെയോ സ്പീക്കറിലൂടെയോ ആ ശബ്ദം ഒഴുകിയെത്തുമ്പോൾ നാം തിരിച്ചറിയുന്നു; അദ്ദേഹം നമുക്കിടയിൽ തന്നെയുണ്ട്, ആ
അക്ഷരങ്ങളുടെ തോഴന് പ്രണാമമർപ്പിക്കുമ്പോൾ, അദ്ദേഹം ബാക്കിവെച്ചുപോയ ഈ ഗാനങ്ങൾ നമുക്ക് നൽകുന്നത് മരണമില്ലാത്ത കുറേ ഓർമ്മകളാണ്. ആ വരികൾ പാടാത്ത ഒരു മലയാളി പോലുമില്ലെന്ന് പറയുന്നത് ഒട്ടും അതിശയോക്തിയാവില്ല. കാലം മാറുമ്പോഴും ഈണം മാറുമ്പോഴും പുത്തഞ്ചേരിയുടെ അക്ഷരങ്ങൾ നമ്മുടെ ഹൃദയത്തിൽ പുതിയ വസന്തങ്ങൾ തീർത്തുകൊണ്ടേയിരിക്കും. ഒരികകൾ കൂടി പ്രിയപ്പെട്ട പുത്തഞ്ചേരിക്ക്, മലയാളത്തിന്റെ സ്വന്തം പാട്ടുകാരന് ഓർമ്മപ്പൂക്കൾ.