ഇനിയും സർട്ടിഫിക്കറ്റ് ലഭിക്കാതെ ‘ജനനായകൻ’; നിർമാതാവിന് പുറമെ തീയേറ്ററുകൾക്ക് 100 കോടി നഷ്ടം

','

' ); } ?>

വിജയ് ചിത്രം ജനനായകന്റെ റിലീസ് വൈകിയതോടെ 100 കോടിയിലധികം രൂപയുടെ നഷ്ടം നേരിട്ട് തമിഴ്‌നാട്ടിലെ തീയേറ്ററുകൾ. നിർമാതാവിന് ഉണ്ടാകുന്ന നഷ്ട‌ത്തിന് പുറമെയാണ് നഷ്ടം. പൊങ്കലിന് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം മിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നിന്ന് മാത്രം 150 കോടി മുതൽ 200 കോടി രൂപ വരെ കളക്ഷൻ ലഭിക്കുമെന്നും കണക്കാക്കിയിരുന്നു. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2025 നവംബറിന് ശേഷം തമിഴ് സിനിമാ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പുതിയ റിലീസുകൾ ഇല്ലാതിരുന്നത് തിയേറ്ററുകളെ വലിയ തോതിൽ ബാധിച്ചിരുന്നു. പൊങ്കൽ റിലീസായി ജനനായകൻ എത്തുന്നതോടെ ഈ അവസ്ഥ മറികടക്കാനാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. വിജയുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന പ്രഖ്യാപനത്തോടെയാണ് ജനനായകൻ ചിത്രീകരണം പൂർത്തിയാക്കിയത്. എന്നാൽ, ഈ ചിത്രത്തിന് സെൻസർ സർട്ടിഫിക്കേഷൻ ലഭിക്കാത്തത് നിർമാതാക്കളെ വലിയ പ്രതിസന്ധിയിലാക്കി. ഹൈക്കോടതിയും സുപ്രീംകോടതിയും ഉൾപ്പെടെ മൂന്ന് കോടതികളിൽ ഈ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുന്നതിനായി നിയമപോരാട്ടം നടന്നെങ്കിലും പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ജനനായകന്റെ റിലീസിൽ നേരിടുന്ന കാലതാമസം അടുത്ത കുറച്ച് മാസത്തേക്കുള്ള തമിഴ് സിനിമകളുടെ റിലീസ് ഷെഡ്യൂളുകൾ തന്നെ താളം തെറ്റിക്കുന്നതാണെന്നാണ് തിയേറ്റർ ഉടമകളുടെ പരാതി. 2026-ന്റെ ആദ്യപാദം ഈ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ജനനായകൻ കൃത്യസമയത്ത് റിലീസ് ചെയ്‌തിരുന്നുവെങ്കിൽ 2025 നവംബർ മാസം മുതൽ തിയേറ്ററുകൾ നേരിടുന്ന പ്രതിസന്ധികൾ ഒരുപരിധി വരെ മറികടക്കാൻ സാധിക്കുമായിരുന്നുവെന്നും അവർ പറയുന്നു.

പൊങ്കലിന് തിയേറ്ററുകളിൽ എത്തിയ ശിവകാർത്തികേയൻ ചിത്രമായ പരാശക്തി തമിഴ്‌നാട്ടിലെ തിയേറ്റുകളിൽ നിന്ന് 55 കോടി രൂപയാണ് കളക്ട് ചെയ്തത്. ഈ ചിത്രത്തിനൊപ്പം പുറത്തിറങ്ങിയ ജീവയുടെ സിനിമയായ തലൈവർ തമ്പി തലൈമയിൽ 30 കോടി രൂപയും നേടി. എന്നാൽ, ഇതേ കാലയളവിൽ എത്തിയ കാർത്തി ചിത്രം വാ വാത്തിയാർ പൂർണ പരാജയമായിരുന്നു. അതായത് തമിഴ്‌നാട്ടിലെ ബോക്‌സ് ഓഫീസിൽ ഈ പൊങ്കൽ കാലത്ത് ആകെ ലഭിച്ച പണം 85 കോടി രൂപയാണ്. ജനനായകൻ റീലീസ് കൂടി നടന്നിരുന്നുവെങ്കിൽ ഈ പൊങ്കൽ കാലത്ത് 100 കോടി രൂപയുടെ അധികം വരുമാനം ലഭിക്കുമായിരുന്നുവെന്നാണ് വിലയിരുത്തലുകൾ.