“സമൂഹത്തിനോ പ്രേക്ഷകർക്കോ എന്ത് ദ്രോഹമാണ് ചെയ്തതെന്നറിയാതെയാണ് ഞാൻ അധിക്ഷേപം നേരിടുന്നത്.”; അഭിരാമി സുരേഷ്

','

' ); } ?>

തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. ‘അധിക്ഷേപ വാക്കുകളേക്കാൾ വേദനിപ്പിക്കുന്നത് ചിന്തകളുടെ അഭാവമാണെന്നും, മറുവശത്തുള്ളവരോട് ഒട്ടും ദയയില്ലാത്ത മാനസികാവസ്ഥയാണ് സോഷ്യൽ മീഡിയക്കുള്ളതെന്നും അഭിരാമി പറഞ്ഞു. കൂടാതെ ‘ആരാണ് കൂടുതൽ ക്രൂരൻ, ആർക്കാണ് കൂടുതൽ ഉച്ചത്തിലും വൃത്തികെട്ടരീതിയിലും പറയാൻ കഴിയുക എന്ന മത്സരമാണ് നടക്കുനന്നതെന്നും, ഓരോ കലാകാരനും അവരുടേതായ രീതിയിൽ നിലനിൽക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും അവകാശമുണ്ടെന്നുംഅഭിരാമി കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം.

“വ്യത്യസ്ത‌മായ ആംഗിളുകളും മോശം റാമ്പ് ഷോട്ടുകളും താഴെയായി സ്ഥാപിച്ച ക്യാമറകളുമാണ് ഉണ്ടായിരുന്നത്. നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു ഷോ. രണ്ടര മണിക്കൂർ നേരം ആദ്യാവസാനം എല്ലാവരും സജീവമായിരുന്നു. അനങ്ങാതെ നിന്ന് പാടാൻ കഴിയുന്ന ഇതിഹാസ താരമല്ല ഞാൻ. ഞാനൊരു പെർഫോമറാണ്. നൃത്തം ചെയ്യും. ആ നിമിഷത്തിനുവേണ്ടി ശരീരവും ശ്വാസവും സമർപ്പിക്കും. അതാണ് ഞാൻ ചെയ്‌തത്‌.

എന്നാൽ സോഷ്യൽ മീഡീയയ്ക്ക് വ്യത്യസ്‌തമായ മാനസികാവസ്ഥയാണ്. മറുവശത്തുള്ളവരോട് ഒട്ടും ദയയില്ല. ലിംഗഭേദമോ പ്രായമോ സന്ദർഭമോ ഒന്നും പരിഗണിക്കില്ല. ഇതിന് തിരികൊളുത്താൻ ഒരു കമൻ്റ് മതി. വളരെ വേഗം അത് വലിയ മത്സരമായി മാറും. ആരാണ് കൂടുതൽ അപമാനിക്കുന്നത്, ആരാണ് കൂടുതൽ ക്രൂരൻ, ആർക്കാണ് കൂടുതൽ ഉച്ചത്തിലും വൃത്തികെട്ടരീതിയിലും പറയാൻ കഴിയുക എന്ന മത്സരം. ശാരീരികമായ അധിക്ഷേപം (ബോഡി ഷെയ്‌മിങ്), ലൈംഗികാധിക്ഷേപം, എല്ലാം ചെയ്യുന്നത് വിനോദം പോലെയാണ്.” അഭിരാമി സുരേഷ് പറഞ്ഞു.

‘ഏറ്റവും വേദനിപ്പിക്കുന്നത് വാക്കുകളല്ല, മറിച്ച് ചിന്തകളുടെ അഭാവമാണ്. അതൊരു ലൈവ് പരിപാടിയാണെന്ന് ചിന്തിക്കാൻ ഒരു നിമിഷം ഇല്ല. ഓരോ കലാകാരനും അവരുടേതായ രീതിയിൽ നിലനിൽക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും അവകാശമുണ്ട്. സോഷ്യൽ മീഡിയ നിശബ്ദമായി ഒരു മാലിന്യക്കുഴിയായി മാറി. അവിടെ വിജയിക്കുക എന്നാൽ ഏറ്റവും മോശമായിരിക്കുക എന്നാണ്. ഒരു കപ്പ് പോസിറ്റിവിറ്റി കൊണ്ട് കാട്ടുതീ കെടുത്താനാകില്ല. അതുകൊണ്ട്, ക്ഷീണിതയായി, ശ്വാസംമുട്ടി, നിശബ്‌ദയായി ഞാനൊരു വശത്തേക്ക് മാറിനിൽക്കുകയാണ്. അതിനെതിരെ പോരാടാതിരിക്കാൻ തീരുമാനിക്കുകയാണ്. കൂടുതൽ ദയ വേണ്ട ലോകത്ത് എങ്ങനെയോ നമ്മൾ കൂടുതൽ വെറുപ്പാണ് കൈമാറുന്നത്. സമൂഹത്തിനോ പ്രേക്ഷകർക്കോ ഞാൻ എന്ത് ദ്രോഹമാണ് ഞാൻ ചെയ്തതെന്നറിയാതെയാണ് ഞാൻ അധിക്ഷേപം നേരിടുന്നത്. വിദ്യാർഥിയോ പ്രൊഫഷണലോ കലാകാരനോ ആരോ ആകട്ടെ നിങ്ങൾ, പെൺകുട്ടിയോ ട്രാൻസ്ജെൻഡറോ ആകട്ടെ, അതൊന്നുമല്ലെങ്കിൽ വെറുമൊരു മനുഷ്യനായാൽ പോലും നിങ്ങൾ അധിക്ഷേപങ്ങൾ അർഹിക്കുന്നില്ല. ഏത് സാഹചര്യത്തിലും. ആരെങ്കിലും നിങ്ങളെ താഴോട്ട് വലിക്കാൻ ശ്രമിക്കുമ്പോൾ ഓർമിക്കുക, അവർ നിങ്ങളുടെ പ്രഭകെടുത്താനായി അവരുടെ ഊർജവും സമയവും ചെലവഴിക്കുകയാണ്. അതിൽ വീണുപോകരുത്. നിങ്ങളുടെ നിലനിൽപ്പിന് അവരുടെ അംഗീകാരം ആവശ്യമില്ല.” -അഭിരാമി കൂട്ടിച്ചേർത്തു.

ഗായിക അമൃത സുരേഷിൻ്റെ സഹോദരിയാണ് അഭിരാമി. കഴിഞ്ഞദിവസം നടന്ന അഭിരാമിയുടെ സംഗീതപരിപാടിയുടെ വീഡിയോകൾക്ക് താഴെയാണ് ആളുകൾ ശാരീരികാധിക്ഷേപവും ലൈംഗികാധിക്ഷേപവും ഉൾപ്പെടെ നിറഞ്ഞ കമൻ്റുകളിട്ടത്. ഇതിനെതിരെ നിരവധി പേരാണ് അഭിരാമിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച് കമന്റു്റുകളിട്ടിരിക്കുന്നത്.