
അർജിത് സിംഗ് പിന്നണിഗാനരംഗത്തു നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപച്ചതിനു പിന്നാലെ പ്രഖ്യാപനത്തിന്റെ കാരണങ്ങൾ ചികഞ്ഞ് സോഷ്യൽ മീഡിയ. മടുപ്പ്, കലാപരമായ തളർച്ച, കലയും കച്ചവടവും തമ്മിലുള്ള ഈ രംഗത്തെ അസന്തുലിതാവസ്ഥ എന്നിവയെ കുറിച്ചെല്ലാം തന്റെ പല അഭിമുഖങ്ങളിലും അർജിത് തുറന്നു സംസാരിച്ചിട്ടുണ്ട്. ഇതൊക്കെ തന്നെയാണ് കാരണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
2023 ൽ ദി മ്യൂസിക് പോഡ്കാസ്റ്റ് എന്ന അഭിമുഖ പരിപാടിയിൽ സ്വന്തം വ്യക്തിത്വത്തിൽ നിന്നും സംഗീതത്തിൽ നിന്നും താൻ അകന്നുപോവുന്നതിനെ കുറിച്ച് അർജിത് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനക്കൂട്ടം ആദ്യം തന്റെ പേര് വിളിച്ചു പറയുമ്പോൾ തുടക്കത്തിൽ വലിയ കാര്യമായി തോന്നിയിരുന്നെങ്കിലും അത് പിന്നീട് അലോസരപ്പെടുത്തുന്ന ഘട്ടമെത്തിയെന്ന് അർജിത് പറഞ്ഞു. വീട്ടിൽ സ്വന്തം പാട്ടുവെക്കുന്നത് നിർത്തിവെക്കുന്ന ഘട്ടം പോലും വന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പുറമെ ബോളിവുഡിൽ പ്രതിഫലത്തിലെ അസമത്വവും ചൂഷണവും അർജിതിനെ അസ്വസ്ഥനാക്കിയിരുന്നു. അത് ഒരു കലാകാരനെ സാവധാനം ഇല്ലാതാക്കുമെന്ന് അർജിത് പറഞ്ഞു. ഒരു കലാകാരൻ ഒരു ബിസിനസുകാരനെപ്പോലെ പ്രായോഗികബുദ്ധിയുള്ളവനല്ല. എന്നാൽ ബിസിനസ്സ് കലാകാരന്റെ ജോലിയെ ആശ്രയിച്ചിരിക്കുന്നതിനാൽ അതിലെ നീതികേടിനെ കുറിച്ച് എല്ലാവരും ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്കാലുള്ള ഇടപാടുകളിൽനിന്ന് ഈ അസന്തുലിതാവസ്ഥ എങ്ങനെ തുടങ്ങുന്നുവെന്നും അത് പലപ്പോഴും ചൂഷണത്തിലേക്ക് നയിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. വാക്കാൽ ചർച്ച നടത്തി, പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ ജോലി ചെയ്യേണ്ടിവരുന്നുവെന്നും പ്രതിഫലത്തിൽ മാറ്റം വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അർജിത് സിംഗിന്റെ ചലച്ചിത്ര പിന്നണിഗാനരംഗത്തുനിന്നുള്ള പെട്ടെന്നുള്ള വിരമിക്കൽ ആരാധകരേയും സിനിമാ രംഗത്തേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. പിന്നണി ഗായകൻ എന്ന നിലയിൽ പുതിയ ജോലികളൊന്നും ഏറ്റെടുക്കില്ല എന്നാണ് അർജിത് ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനം. ആ പ്രഖ്യാപനത്തിനുള്ള കാരണം എന്തായിരുന്നുവെന്ന് വ്യക്തമല്ല. അതേസമയം നിലവിലുള്ള പ്രോജക്ടുകൾ പൂർത്തിയാക്കുമെന്നും ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലും സ്വതന്ത്ര പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചലച്ചിത്ര സംഗീതത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും അർജിത് പിന്നീട് വ്യക്തമാക്കി.