
പിന്നണി ഗാനരംഗത്ത് നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗായകൻ അർജിത് സിംഗ്. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനം എടുക്കുന്നതെന്നും, ‘മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുകയാണെന്നും‘ അർജിത് സിംഗ് കുറിച്ചു. ശ്രോതാക്കൾക്ക് നന്ദി അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അർജിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
‘എല്ലാവർക്കും പുതുവർഷാശംസകൾ. ഇക്കഴിഞ്ഞ പോയ വർഷങ്ങളിൽ നിങ്ങളെനിക്ക് ഒരുപാട് സ്‌നേഹം നൽകി. ശ്രോതാക്കളുടെ ആ സ്‌നേഹത്തിന് ഒരുപാട് നന്ദി. ഇനി പിന്നണി ഗാനരംഗവുമായി ബന്ധപ്പെട്ട് ഞാൻ പ്രവർത്തിക്കില്ലെന്ന് അറിയിക്കാൻ ആഗ്രഹിക്കുകയാണ്. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനം എടുക്കുന്നത്. മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുകയാണ്.’ അർജിത് സിംഗ് കുറിച്ചു.
“ഏറ്റെടുത്ത വർക്കുകൾ അവസാനിപ്പിക്കും. അതുകൊണ്ട് തന്നെ ഈ വർഷം പുതിയ ചില ചിത്രങ്ങളിൽ എന്റെ പാട്ടുകളുണ്ടാകും പിന്നണി ഗാനരംഗത്ത് നിന്നും പിന്മാറുന്നു എന്നതുകൊണ്ട് സംഗീതത്തോട് വിട പറയുന്നു എന്ന് അർത്ഥമില്ല.” ദേശീയ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ അർജിത് സിംഗ് വ്യക്തമാക്കി.
2009ൽ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന അർജിത് സിംഗ് അതിനുമുൻപ് റിയാലിറ്റി ഷോയിലൂടെ ആസ്വാദകർക്ക് സുപരിചിതനായിരുന്നു. പിന്നണിഗാനരംഗത്ത് നിന്ന് മാത്രമാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻഡീ മ്യൂസിക്കിൽ പുതിയ പാതകൾ തേടാനാണ് ഈ പിന്മാറ്റം എന്നാണ് കരുതപ്പെടുന്നത്. ഹിന്ദിയിലും ബംഗാളിയിലുമാണ് അർജിത് സിംഗ് ഏറ്റവും കൂടുതൽ സിനിമാഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.