
ലോകയുടെ സമയത്ത് തലവര ഇറങ്ങരുതായിരുന്നുവെന്ന് അഭിപ്രായം പറഞ്ഞ് നടൻ അർജുൻ അശോകൻ. “സമയം നോക്കി തങ്ങൾ സിനിമ ഇറക്കണമായിരുന്നുവെന്നും, ഒടിടിയിൽ ഇറങ്ങിയപ്പോൾ ലഭിച്ച പ്രതികരണം കണ്ട് തിയേറ്ററിൽ ചിത്രം ഓടാത്തതിന്റെ വിഷമം മാറിയെന്നും” അർജുൻ അശോകൻ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഓരോ സിനിമയും പുറത്തിറങ്ങാൻ അതത് സമയമുണ്ട്. ലോക പോലെയുള്ള വലിയ ബജറ്റും വലിയ കാസ്റ്റും ഉള്ള സിനിമ റിലീസ് ചെയ്യുന്ന സമയത്ത് സ്വാഭാവികമായി പ്രേക്ഷകർ അതിനായിരിക്കും മുൻഗണന നൽകുക. തലവര അതിൽ നിന്ന് വ്യത്യസ്തമായ, ചെറിയൊരു സിനിമയാണ്. അതിനാൽ തന്നെ പ്രേക്ഷകർ അത് ഏറ്റെടുക്കാൻ കുറച്ച് സമയം എടുക്കും. ലോകയുടെ സമയത്ത് തലവര ഇറങ്ങരുതായിരുന്നു.’ അർജുൻ അശോകൻ പറഞ്ഞു.
‘സമയം നോക്കി തങ്ങൾ സിനിമ ഇറക്കണമായിരുന്നു. അത് ചെയ്യാത്തതാണ് തങ്ങളുടെ തെറ്റ്. പക്ഷേ, ഒ.ടി.ടിയിൽ വന്നപ്പോൾ വലിയ രീതിയിൽ ആളുകൾ സിനിമയെ സ്വീകരിച്ചു. തന്റെ മനസ്സിൽ തലവര ഓടിയത് ഒടിടിയിലാണ്. സിനിമ കണ്ട പ്രേക്ഷകർ ദിവസേന മെസേജുകളിലൂടെയും കൊളാബിലുടെയും ആർട്ട് ഫോംസ് വഴിയും നല്ല അഭിപ്രായങ്ങൾ അറിയിക്കുന്നുണ്ട്. തിയേറ്ററിൽ ഓടാത്തതിന്റെ വിഷമം ഇപ്പോൾ മാറി. എല്ലാവരും സിനിമ കാണണം എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു അത് സാധിച്ചു.’ അർജുൻ അശോകൻ കൂട്ടിച്ചേർത്തു.
മലയാള സിനിമയില്‍ ‘ടേക്ക് ഓഫ്’ , ‘മാലിക്ക്’ പോലുള്ള വലിയ ഹിറ്റുകള്‍ സമ്മാനിച്ച മഹേഷ് നാരായണന് അർജുൻ അശോകനെ നായകനാക്കി ചെയ്ത ചിത്രമാണ് തലവര. മലയാളത്തിന്റെ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം ലോകയ്ക്ക് ഒപ്പമായിരുന്നു സിനിമയുടെ റീലീസ്. പാലക്കാടിന്റെ പശ്ചാത്തലത്തിൽ എത്തിയ തലവരയിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.