
കാലങ്ങളായുള്ള പോരാട്ടങ്ങളിലൂടെ സ്ത്രീകൾ നേടിയെടുത്ത തുറന്നു പറച്ചിലിനുള്ള ധൈര്യം ഒരു പ്രത്യേക സംഭവത്തിൻ്റെ പേരിൽ റദ്ദ് ചെയ്യാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് തുറന്നു പറഞ്ഞ് സംവിധായിക ശ്രുതി ശരണ്യം. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, . പൊതുവിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളെ ഒന്നടങ്കം പരിഹസിക്കുന്ന രീതിയിലേക്ക് ചർച്ചകൾ വഴിമാറുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു ശ്രുതി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശ്രുതിയുടെ പ്രതികരണം.
“എത്രയോ കാലങ്ങൾ പൊരുതിയാണ് ഓരോ സ്ത്രീയും അവർ പൊതുവിടങ്ങളിലും സ്വകാര്യ ഇടങ്ങളിലുമൊക്കെയായി അനുഭവിച്ച അബ്യൂസുകളും വയലേഷനുകളുമൊക്കെ തുറന്നു പറയാൻ തുടങ്ങിയത്. ഇപ്പൊഴും ഭയംകൊണ്ടു മിണ്ടാതിരിക്കുന്ന എത്രയോ സ്ത്രീകൾ നമുക്കിടയിലുണ്ട്. ആ സ്പേസിലേക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളം മുഴുവൻ ചർച്ച ചെയ്‌ത ബസ്സിലെ സംഭവവും ഇടംപിടിക്കുന്നത്. ഇത്തരം ഒരു വയലേഷന് ദൃക്‌സാക്ഷിയായ (വയലേഷൻ നടന്നിട്ടുണ്ടെന്ന് അവർക്കുറപ്പുണ്ടെങ്കിൽ) ആ സ്ത്രീ ചെയ്യേണ്ടിയിരുന്നത് അവരുടെ പക്കലുള്ള തെളിവുകൾ നാട്ടിലെ നിയമപരിപാലകരിലേക്ക് എത്തിക്കുക എന്നതായിരുന്നു. അവർ അത് സോഷ്യൽമീഡിയ കണ്ടന്റ്റ് ആക്കിയത് വലിയ തെറ്റുതന്നെയാണ്. പക്ഷേ, അതൊന്നും തന്നെ തങ്ങൾക്കെതിരെയുള്ള വയലൻസിനെ ചെറുക്കാൻ സ്ത്രീകൾ ഇക്കാലമത്രയും നടത്തിയ പോരാട്ടങ്ങളെ റദ്ദുചെയ്യാനുള്ള കാരണങ്ങളല്ല.” ശ്രുതി കുറിച്ചു.
“എൻ്റെ അനുഭവത്തിൽ തിരക്കുള്ള ബസ്സും ട്രെയിനും ഉൾപ്പെടെ ഒരു പൊതുവിടവും അത്ര നിഷ്കളങ്കമല്ല. ഞാനിതെഴുതാനെടുത്ത ഈ ചെറിയ ഇടവേളയിൽ പോലും കേരളത്തിന്റെ അങ്ങോളമിങ്ങോളും എണ്ണമറ്റ പെണ്ണുങ്ങൾ ചെറുതും വലുതുമായ വയലേഷനുകൾക്ക് ഇരയാകുന്നുണ്ടാവുമെന്ന് ഉറപ്പാണ്. അതുകൊണ്ട്, ഈയൊരു സംഭവത്തിൻ്റെ വെളിച്ചത്തിൽ വയലേഷനുകൾ തുറന്നുപറയുന്ന സ്ത്രീകളെ ഒന്നടങ്കം കാടടച്ച് അധിക്ഷേപിച്ച്, പുറത്തുപറയാനുള്ള പേടിയെ വീണ്ടും ഊട്ടിയുറപ്പിക്കുന്ന പരിപാടി പൊതുസമൂഹം ചെയ്യരുതെന്നാവർത്തിക്കുന്നു. നവജാതശിശുക്കളെ വരെ വെറുതെ വിടാത്ത പ്രെഡേറ്ററുകൾ വിഹരിക്കുന്ന നാടാണ് നമ്മുടെയെന്നോർക്കണം.” ശ്രുതി കൂട്ടിച്ചേർത്തു.
ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തൻ്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. ഞായറാഴ്‌ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ദീപകിനെ കണ്ടെത്തുകയായിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്‌തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.