
‘സർവ്വം മായ’ക്ക് ശേഷമുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ അഖിൽ സത്യൻ. ’30 കളിലൂടെ കടന്നു പോകുന്നവരുടെ പ്രണയകഥ പറയുന്ന സിനിമയാണ് അടുത്തതായി താൻ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും, നിവിനൊപ്പം വീണ്ടും വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും‘ അഖിൽ സത്യൻ പറഞ്ഞു. കൂടാതെ മലയാളത്തിലെ ഒരു പ്രമുഖ നടിയും സിനിമയുടെ ഭാഗമാകുമെന്നും, യേ ജവാനി ഹേ ദീവാനി പോലുള്ള ബോളിവുഡ് റൊമാന്റിക് കോമഡികളുടെ വലുപ്പത്തിലാണ് താൻ സിനിമ ആലോചിക്കുന്നതെന്നും അഖിൽ സത്യൻ കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“30 കളിലൂടെ കടന്നു പോകുന്നവരുടെ പ്രണയകഥ പറയുന്ന സിനിമയാണ് അടുത്തതായി ഞാൻ ചെയ്യാൻ പോകുന്നത്. നിവിനൊപ്പം വീണ്ടും വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അജു വർഗീസ്, അൽത്താഫ് സലിം എന്നിവർക്കൊപ്പം മലയാളത്തിലെ ഒരു പ്രമുഖ നടിയും സിനിമയുടെ ഭാഗമാകും. മുപ്പതുകളുടെ മധ്യത്തിലുള്ള ആളുകളെക്കുറിച്ചുള്ള ഒരു അർബൻ റൊമാന്റിക് കോമഡിയാണ് സിനിമ. യേ ജവാനി ഹേ ദീവാനി പോലുള്ള ബോളിവുഡ് റൊമാന്റിക് കോമഡികളുടെ വലുപ്പത്തിലാണ് ഞാൻ സിനിമ ആലോചിക്കുന്നത്. ഇപ്പോൾ ഞങ്ങൾ ഇതിനെ തമാശയായി യേ ജവാനി ആലുവ ദീവാനി എന്നാണ് പറയുന്നത്.” അഖിൽ സത്യൻ പറഞ്ഞു.
അഖിൽ സത്യൻ ഒരുക്കി നിവിൻ പോളി നായകനായി എത്തിയ സർവ്വം മായ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയുടെ കഥയ്ക്കും മേക്കിങ്ങിനും നിവിന്റെ പ്രകടനത്തിനും കയ്യടികൾ ലഭിച്ചിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് ജിയോ ഹോട്‍സ്റ്റാറാണ് എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി ആദ്യ വാരമോ രണ്ടാം വാരമോ സര്‍വ്വം മായ ഒടിടിയില്‍ എത്തും എന്നുമാണ് റിപ്പോര്‍ട്ട്. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രം കൂടിയാണിത്.