“വിമർശനങ്ങളെ പ്രേക്ഷർക്ക് ഞങ്ങളോടുള്ള കരുതലയിട്ട് കാണുന്നു”; കാട്ടാളനെതിരെയുള്ള ഹേറ്റ് ക്യാംപയ്നിൽ പ്രതികരിച്ച് നിർമ്മാതാക്കൾ

','

' ); } ?>

ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്നകാട്ടാളൻഎന്ന ചിത്രത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സിനിമയ്‌ക്കെതിരെ നല്ല രീതിയിലുള്ള ഹേറ്റ് ക്യാംപെയ്ൻ നടക്കുന്നുണ്ടല്ലോ എന്ന ക്യൂബ്‌സിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന കമന്റിനോടാണ് നിർമാതാക്കൾ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഇതൊരു ഹേറ്റ് ക്യാംപയ്ൻ ആയിട്ട് തങ്ങൾ കാണുന്നില്ലെന്നും, വിമർശനങ്ങളെ പ്രേക്ഷർക്ക് തങ്ങളോടുള്ള കരുതലയിട്ട് കാണുന്നുവെന്നും നിർമ്മാതാക്കൾ പ്രതികരിച്ചു.

“ഇതൊരു ഹേറ്റ് ക്യാംപയ്ൻ ആയിട്ട് ഞങ്ങൾ കാണുന്നില്ല. ടീസിറിലെ ചില ഘടകങ്ങൾ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടില്ല എന്ന് ഞങ്ങൾ മനസിലാക്കുകയും അത് ഉൾക്കൊള്ളുകയും ചെയ്യുന്നു. വിമർശനങ്ങളെ എന്നും അത് പ്രേക്ഷർക്ക് ഞങ്ങളോടുള്ള കരുതലായിട്ട് ഞങ്ങൾ കാണുന്നു. അതിനാൽ വിമർശനങ്ങൾ ഏറ്റെടുത്തു കൊണ്ട് കൂടുതൽ ശക്തമായി അടുത്ത ഒരു അപ്ഡേറ്റമായി ഞങ്ങൾ നിങ്ങൾക്കു മുന്നിലേക്ക് എത്തും.” നിർമ്മാതാക്കൾ കുറിച്ചു.

‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണ് ‘കാട്ടാളൻ’. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെയാണ് പുറത്തുവന്നത്. ആന്റണി വർഗീസ് കാട്ടുകൊമ്പനെ കീഴ്‌പ്പെടുത്തുന്ന അത്യന്തം രക്തരൂക്ഷിതമായ ദൃശ്യങ്ങളാണ് ടീസറിലുള്ളത്. വിഎഫ്‌എക്സ് ഉപയോഗിക്കാതെയാണ് ആനയുമായുള്ള ഈ സംഘടന രംഗം ചിത്രീകരിച്ചത്. ടീസർ ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചു. പലരും മികച്ച അഭിപ്രായം പങ്കുവച്ചെങ്കിലും ടീസർ നിരാശപ്പെടുത്തി എന്ന് പറഞ്ഞവരുമുണ്ട്. വിചാരിച്ച അത്ര മാസ് ആയില്ല ടീസർ എന്നായിരുന്നു ഈ വിഭാഗത്തിന്റെ അഭിപ്രായം.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് എന്നിവർക്കൊപ്പം റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, ‘ലോക’ ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.

സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്.