
ബോളിവുഡിൽ വർഗീയമായ കാരണങ്ങൾ കൊണ്ട് അവസരങ്ങൾ കുറഞ്ഞുവെന്ന വിവാദ പരാമർശത്തിൽ വിശദീകരണം നൽകി എ.ആർ. റഹ്മാൻ. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ ഉദ്ദേശം തെറ്റായ രീതിയിലാണ് ആളുകളിലേക്കെത്തിയതെന്നും എ ആർ റഹ്മാൻ പറഞ്ഞു. കൂടാതെ സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും, തന്റെ സത്യസന്ധത ആളുകൾ മനസിലാക്കുമെന്ന് കരുതുന്നുവെന്നും എ ആർ റഹ്മാൻ കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു ക്രിക്കറ്റ് മത്സരത്തിനിടെ തൻ്റെ “മാ തുഝേ സലാം/വന്ദേ മാതരം” എന്ന ഗാനം ആലപിക്കുന്നതിൻ്റെ ദൃശ്യത്തോടെയാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.
“സംഗീതം എപ്പോഴും നമ്മുടെ സംസ്‌കാരം ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണ്. ഇന്ത്യ എൻ്റെ പ്രചോദനമാണ്, എന്റെ ഗുരുവും എൻ്റെ വീടുമാണ്. ചിലപ്പോൾ ഉദ്ദേശങ്ങൾ തെറ്റായി മനസ്സിലാക്കിയേക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ എൻ്റെ ലക്ഷ്യം എല്ലായ്പ്പോഴും സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക, ബഹുമാനിക്കുക, സേവിക്കുക എന്നതായിരുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, എൻ്റെ സത്യസന്ധത മനസിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” എ ആർ റഹ്മാൻ പറഞ്ഞു.
“ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണ്. ഇത് എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും ആഘോഷത്തിൻ്റെയും ഇടം സൃഷ്‌ടിക്കാൻ എന്നെ അനുവദിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ച WAVES ഉച്ചകോടിയിലെ ‘ഝാല’ എന്ന സൃഷ്ട്‌ടി മുതൽ, യുവ നാഗാ സംഗീതജ്ഞരുമായുള്ള സഹകരണം, ഒരു സ്ട്രിംഗ് ഓർക്കസ്ട്ര സൃഷ്ടിച്ചത്, സൺഷൈൻ ഓർക്കസ്ട്രയെ മെൻ്റർ ചെയ്‌തത്, ഇന്ത്യയുടെ ആദ്യത്തെ ബഹുസാംസ്കാരിക വെർച്വൽ ബാൻഡായ സീക്രട്ട് മൗണ്ടൻ നിർമ്മിച്ചത്, ഹാൻസ് സിമ്മറിനൊപ്പം രാമായണത്തിന് സംഗീതം നൽകിയ ബഹുമതി വരെ. ഓരോ യാത്രയും എൻ്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്തി. ഈ രാജ്യത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു.” എ ആർ റഹ്മാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങൾ കാരണം അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നും, ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നുമായിരുന്നു എ ആർ റഹ്മാൻ പറഞ്ഞിരുന്നത്. ബിബിസി ഏഷ്യൻ നെറ്റ് വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു എ.ആർ. റഹ്മാന്റെ വിവാദ പ്രസ്താവന. ബോളിവുഡിലെ അധികാരഘടനയിൽ മാറ്റമുണ്ടായി. അധികാരത്തിലുള്ളവർ സർഗാത്മകതയില്ലാത്തവരാണ്. ചിലപ്പോൾ അതിന് പിന്നിൽ വർഗീയ മാനങ്ങളുമുണ്ടാവാമെന്നും റഹ്‌മാൻ പറഞ്ഞിരുന്നു. ഇതാണ് പിന്നീട് ചർച്ചകൾക്ക് വഴിവെച്ചത്.