
സ്‍ട്രേയ്ഞ്ചര്‍ തിംഗ്‍സ് ഇഷ്‍ടപ്പെടുന്നവര്‍ക്ക് അനോമിയും ഇഷ്‍ടപ്പെടുമെന്ന് നടി ഭാവന. ‘അനോമി’യിലും ഒരു ചെറിയ സൈ ഫൈ എലമെന്റ് ഉണ്ടാകുമെന്നും, കുറേ നാളുകള്‍ക്ക് ശേഷം ഒരു പൊതുവേദിയിൽ വരുന്നതിന്റെ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും ഭാവന പറഞ്ഞു. തന്റെ പുതിയ ചിത്രം അനോമിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ സംസാരിക്കുകയായിരുന്നു ഭാവന.
“കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു പൊതുവേദിയില്‍ ഞാൻ വരുന്നത്. അതിന്റെ ചെറിയ ഉത്കണ്ഠയുണ്ടായിരുന്നു. പക്ഷേ നിങ്ങളുടെ സ്‍നേഹം നിറഞ്ഞ സ്വീകരണത്തിന് ഞാൻ നന്ദി പറയുന്നു. സ്‍ട്രേയ്ഞ്ചര്‍ തിംഗ്‍സ് ഇഷ്‍ടപ്പെടുന്നവര്‍ക്ക് അനോമിയും ഇഷ്‍ടപ്പെടും. അനോമിയിലും ചെറിയൊരു സയൻസ് ഫിക്ഷൻ എലമെന്റ് ഉണ്ട്. ഒരു നല്ല തിയറ്റര്‍ എക്സീപിരിയൻസ് ആകും ചിത്രം.” ഭാവന പറഞ്ഞു.
ഭാവന നായികയായി ഇനി വരാനിരിക്കുന്ന ചിത്രമാണ് അനോമി. സാറാ ഫിലിപ്പ് എന്ന് കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ഭാവനയെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജനുവരി 30നാണ് അനോമിയുടെ റിലീസ്. ചിത്രത്തിൽ ഭാവനയ്ക്കൊപ്പം തന്നെ നടൻ റഹ്മാന്റെ സ്വാഗും സ്ക്രീൻ പ്രസൻസും ടീസറിന്റെ പ്രധാന ആകർഷണമാണ്. അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന ശക്തമായ പോലീസ് ഓഫീസർ വേഷത്തിലാണ് റഹ്മാൻ എത്തുന്നത്.
നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘അനിമൽ’, ‘അർജുൻ റെഡ്ഡി’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് ‘അനോമി’ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.