
വൈറലായി തമിഴകത്തെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായ ‘ഉന്നൈ നിനൈത്ത്’ സിനിമയിലെ വിജയ്‌യുടെ വീഡിയോ. ചിത്രത്തിൽ സൂര്യക്ക് പകരം നായകനായി അഭിനയിക്കേണ്ടിയിരുന്നത് വിജയ് ആയിരുന്നു എന്നത് സിനിമാ പ്രേമികൾക്ക് അറിവുള്ളതാണ്. ഇപ്പോഴിതാ, വിജയ് അഭിനയിച്ച ചിത്രത്തിലെ ചില രംഗങ്ങൾ സംവിധായകൻ വിക്രമൻ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ‘എന്നൈ താലാട്ടും സംഗീതം’ എന്ന ഹിറ്റ് ഗാനത്തിന്റെ വിജയ് വേർഷൻ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു മിനിട്ടോളമുള്ള ഫുട്ടേജിൽ ലൈല ആണ് വിജയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്.
വിജയ്‌യെ വെച്ച് രണ്ട് ഗാനങ്ങൾ സിനിമയ്ക്കായി ചിത്രീകരിച്ചിരുന്നെന്നും അതിന് ശേഷമാണ് ചിത്രം സൂര്യയിലേക്ക് എത്തിയതെന്നും സംവിധായകൻ പറയുന്നു. വലിയ വരവേൽപ്പാണ് ഈ വിജയ് വേർഷന് സിനിമാപ്രേമികൾക്കിടയിൽ നിന്നും ലഭിക്കുന്നത്. വിജയ് ഗംഭീരമാക്കിയിട്ടുണ്ടെന്നും ചിത്രം നടന് വലിയ വിജയം സമ്മാനിച്ചേനെ എന്നാണ് കമന്റുകൾ. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഇത് പങ്കുവെക്കുന്നുണ്ട്.
വിക്രമന്റെ സംവിധനത്തിൽ സൂര്യ, സ്നേഹ, ലൈല എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ഉന്നൈ നിനൈത്ത്, മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയമായിരുന്നു. സൂര്യയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമ കൂടിയാണ് ഇത്. രമേഷ് ഖന്ന, ചാർളി, ആർ.സുന്ദർരാജൻ, റാംജി എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
അതേസമയം, വിജയ്‌യുടെ അവസാനചിത്രം ജനനായകൻ ജനുവരി 9 ന് റിലീസിനൊരുങ്ങുകയാണ്. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.