
വിജയ് ചിത്രം ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെൻസർ ബോർഡ് അന്യായമായി അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് കൈമാറിയിരുന്നത്. പരാതിയുടെ പകർപ്പ് ഹാജരാക്കാൻ സെൻസർ ബോർഡിനോട് കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശ വാക്കാൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 5 നാണ് സിബിഎഫ്സി ചെന്നൈ റീജിയണല്‍ ഓഫീസില്‍ നിന്നും റിവൈസിംഗ് കമ്മിറ്റിയിലേക്ക് കൈമാറിയതായി പ്രതികരണം വന്നത്.
ചിത്രം യു/എ സർട്ടിഫിക്കറ്റിന് അർഹമാണെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. 25 രാജ്യങ്ങളിൽ ചിത്രത്തിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ മാത്രമാണ് അനുമതി വൈകുന്നതെന്നും നിർമാതാക്കൾ കോടതിയിൽ പറഞ്ഞു. “ചിത്രം സെൻസർ ബോർഡ് കണ്ടിട്ടുണ്ട്, അവരതിൽ തൃപ്തരാണ്. ചിത്രം കാണുകപോലും ചെയ്യാത്തൊരാളുടെ പരാതിയെത്തുടർന്നാണ് റിവൈസിങ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. റിവൈസിങ് കമ്മിറ്റിക് വിടാനുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ല. പരാതിപ്പെട്ടത് ആരെന്ന കാര്യം ഞങ്ങളെ അറിയിച്ചിട്ടില്ല. ഇത് ഭാവിയിലും സിനിമകളുടെ സെന്‍സറിംഗ് വിഷയത്തില്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. ” നിർമ്മാതാക്കൾ പറഞ്ഞു.
കൂടാതെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ചിത്രത്തിനായി 500 കോടിയോളമാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും 5000 തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടേണ്ട ചിത്രമാണിതെന്നും നിര്‍മ്മാതാക്കളെ പ്രതിനിധീകരിക്കുന്ന സീനിയര്‍ കൗണ്‍സല്‍ സതീഷ് പരാശരന്‍ കോടതിയെ അറിയിച്ചു. നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, മാനസിക സംഘര്‍ഷം, വിശ്വാസ്യതാ നഷ്ടം എന്നിവയുടെ കാര്യത്തില്‍ നികത്താനാവാത്ത ഹാനിയാണ് സിബിഎഫ്സിയുടെ നടപടി സൃഷ്ടിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം, പുതിയ കമ്മിറ്റി വീണ്ടും ചിത്രം കാണുമെന്ന് സെൻസർ ബോർഡ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജനുവരി ഒൻപതിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചരിക്കുന്നത്. വിജയ്ക്ക് പുറമെ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.