
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കല്യാണി പ്രിയദർശൻ. ജയ് മേഹ്ത സംവിധാനം ചെയ്യുന്ന ‘പ്രളയ്’ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. രൺവീർ സിങ് ആണ് സിനിമയിലെ നായകൻ. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രം ഒരു സോമ്പി ചിത്രമാണ് എന്നാണ് റിപ്പോർട്ട്. ഹന്‍സല്‍ മെഹ്തയും രണ്‍വീര്‍ സിങും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രണ്‍വീറിന്റെ ആദ്യ നിര്‍മാണമാണ് പ്രളയ്.
അതേ സമയം രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ധുരന്ദർ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ആഗോള ബോക്സ് ഓഫീസിൽ 300 കോടി നേടിയ ലോക എന്ന സിനിമയിലൂടെ 2025 ൽ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ നടിയാണ് കല്യാണി പ്രിയദർശൻ, സിനിമയിലെ നടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ലോകയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് ചിത്രങ്ങളാണ് ലോകയുടെ ഭാഗമായി വരാൻ പോകുന്നത്. ഇതിൽ രണ്ടാം ഭാഗത്തിൽ ചിത്രം ടൊവിനോ തോമസിന്റെ ചാത്തനാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാനും ആദ്യ ഭാഗത്തിലേത് പോലെ അതിഥി വേഷത്തിലുണ്ടാകും എന്നാണ് സൂചനകൾ. മലയാളത്തിലെ ആദ്യ മുന്നൂറ് കോടി സ്വന്തമാക്കിയ ലോകയാകട്ടെ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.