“സിനിമയുടെ കൂടെ വളർന്ന ആളാണ് അച്ഛൻ, ഈ വർഷത്തെ ഒരു നൂറുകോടി ചിത്രം അച്ഛന്റേതാണ്”; അഖിൽ സത്യൻ

','

' ); } ?>

സത്യൻ അന്തിക്കാട് ചിത്രങ്ങളെ ‘ഗ്രാമപ്പടം’ എന്ന് ട്രോളുന്നവരോട് വിക്കിപീഡിയ നോക്കൂ എന്നുമാത്രമാണ് പറയാനുള്ളതെന്ന് മകനും സംവിധായകനുമായ അഖിൽ സത്യൻ. അച്ഛൻ ‘ഗ്രാമപ്പടം’ ചെയ്തിട്ട് 15 വർഷമായെന്നും, അതൊക്കെ ആളുകളുടെ തെറ്റായ വിലയിരുത്തലാണെന്നും അഖിൽ സത്യൻ പറഞ്ഞു. കൂടാതെ സിനിമയുടെ കൂടെ വളർന്ന ആളാണ് അച്ഛനെന്നും, ഈ വർഷത്തെ ഒരു നൂറുകോടി ചിത്രം അച്ഛന്റേതാണെന്നും അഖിൽ സത്യൻ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“90-കൾ ആണ് അച്ഛൻ്റെ പ്രൈംടൈം എന്ന് ആളുകൾ പറയാറുണ്ട്. ആളുകളുടെ തെറ്റായ വിലയിരുത്തലാണത്. ‘മനസിനക്കരെ’, ‘വിനോദയാത്ര’, ‘ഇന്ത്യൻ പ്രണയകഥ’, ‘ഞാൻ പ്രകാശൻ’, ‘അച്ചുവിന്റെ അമ്മ’ എല്ലാം വന്നത് 2000-ത്തിന് ശേഷമാണ്. ‘ഇയാൾ സ്ഥിരം ഗ്രാമപ്പടം’ എന്ന് ആളുകൾ പറയും. അച്ഛൻ ഗ്രാമപ്പടം ചെയ്‌തിട്ട് 15 വർഷമായി. വിക്കിപീഡിയ നോക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്.” അഖിൽ സത്യൻ പറഞ്ഞു.

“എന്റെ പേര് മറ്റൊന്നായിരുന്നെങ്കിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലായിരുന്നു. നന്മ ബാഗേജ് ഉണ്ടാവുമായിരുന്നില്ല. എന്നേയും അനൂപിനേയും ആളുകൾ ബന്ധിപ്പിക്കുന്നത് 58 ചിത്രങ്ങൾ ചെയ് ഒരാളുമായാണ്. അതും ഹിറ്റ് ചിത്രങ്ങളാണ്. ഒന്നോ രണ്ടോ ചിത്രങ്ങൾ ചെയ്തവരെ ആളുകൾ ആഘോഷിക്കാറുണ്ട്. അച്ഛൻ അതിന്റെ മൂന്നിരട്ടിയുണ്ടാക്കിയിട്ടുണ്ട്, എത്രയോ ബ്ലോക്ബസ്റ്റേഴ്സ്. അച്ഛൻ വരുമ്പോൾ മലയാള സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്. സിനിമയുടെ കൂടെ വളർന്ന ആളാണ് അച്ഛൻ. ഇപ്പോഴും, ഈ വർഷത്തെ ഒരു നൂറുകോടി ചിത്രം അച്ഛന്റേതാണ്- ഹൃദയപൂർവ്വം. അത് അപൂർവ്വമാണ്.” അഖിൽ സത്യൻ കൂട്ടിച്ചേർത്തു.

നിവിൻ പോളി, അജു വർഗീസ് കൂട്ടുകെട്ടിലെത്തിയ “സർവ്വം മായയാണ്” അഖിലിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ചിത്രം തിയേറ്ററിൽ എത്തി അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രം കൂടിയാണിത്.