
പാർവ്വതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.
ജനുവരി രണ്ട് തിങ്കളാഴ്ച്ച കൂത്താട്ടുകുളത്ത് ആരംഭിച്ച ചിത്രത്തിന് പാർവ്വതി തിരുവോത്തും, ജെബി മേത്തർ എം.പി.യും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മനോജ് കുമാർ സ്വിച്ചോൺകർമ്മവും, സിദ്ധാർത്ഥ് ഭരതനും, പാർവതി തിരുവോത്തും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. അഭിനേതാക്കളായ വിനയ് ഫോർട്ട്, മാത്യു തോമസ് , അസീസ് നെടുമങ്ങാട്, ജയശ്രീ , മുനിസിപ്പൽ ചെയർമാൻ റോജി ജോൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂജാ ചടങ്ങുകൾക്കു ശേഷം കലാസംവിധായകൻ മകേഷ് മോഹൻ ഒരുക്കിയ പൊലീസ് സ്റ്റേഷൻ സെറ്റിൽ ചിത്രീകരണവും ആരംഭിച്ചു. യുവനിരയിലെ ശ്രദ്ധേയനായ ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പ്രകാശൻ പറക്കട്ടെ, അനുരാഗം’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന എന്ന സ്ത്രീയുടെ ഔദ്യോഗികജീവിത ത്തിൽ അപ്രതീക്ഷിതമായി അരങ്ങുന്ന സംഭവങ്ങളാണ് ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. അഭിയരംഗത്തെത്തിയിട്ട് ഇരുപതു വർഷക്കാലമായ പാർവ്വതി ഇതാദ്യമായാണ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരികമായും, മാനസ്സികമായും തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നുവെന്ന് പാർവ്വതി വ്യക്തമാക്കി.
ചിത്രത്തിൻ്റെ നല്ലൊരു ശതമാനം രംഗങ്ങൾ ഒരു പൊലീസ് സ്റ്റേഷനിൽ ത്തന്നെയാണു നടക്കുന്നതെന്ന് സംവിധായകൻ ഷഹദും പറഞ്ഞു.
വിനയ് ഫോർട്ട് വിജയരാഘവൻ, സായ് കുമാർ, പ്രശസ്ത തമിഴ് നടൻ പാർത്ഥിപൻ, മാത്യു തോമസ് സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായാ പ്രസാദ്, സിറാജ്, നിയാസ് ബക്കർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കോട്ടയം, കൂത്താട്ടുകുളം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
രചന – പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ ‘ സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം – റോബി രാജ്. എഡിറ്റിംഗ് – ചമൻ ചാക്കോ.
കലാസംവിധാനം – മകേഷ് മോഹൻ. മേക്കപ്പ് – അമൽ. കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ.
സ്റ്റിൽസ്- റിജാഷ് മുഹമ്മദ്: ലൈൻ പ്രൊഡ്യൂസർ – ദീപക് ‘ പ്രൊഡക്ഷൻ മാനേജർ – എൽദോ ജോൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഫഹദ് (അപ്പു) പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി’
വാഴൂർ ജോസ്.