
‘സർവ്വം മായ’യുടെ അത്ര തന്നെ ബജറ്റാണ് ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനും ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്തി സംവിധായകൻ അഖിൽ സത്യൻ. പാച്ചു സിനിമയിലെ ചേരി ഷൂട്ട് ചെയ്യാൻ ഒരു ദിവസം 10 ലക്ഷം രൂപയായെന്നും, ചിത്രത്തിന്റെ ട്രെയിൻ ബജറ്റ് മാത്രം 63 മുതൽ 70 ലക്ഷം വരെ ചെലവ് വന്നിട്ടുണ്ടെന്നും അഖിൽ സത്യൻ പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പാച്ചുവും സർവം മായയുടെ അത്രയും ചെലവ് വന്ന സിനിമ തന്നെയാണ്. പാച്ചുവിൻറെ ട്രെയിൻ ബജറ്റ് മാത്രം 63 മുതൽ 70 ലക്ഷം വരെ ചെലവ് വന്നിട്ടുണ്ട്. ആ സിനിമയിലെ ചേരി ഷൂട്ട് ചെയ്യാൻ ഒരു ദിവസം 10 ലക്ഷം രൂപയാണ്. ആ സമയത്ത് ഏറ്റവും കൂടുതൽ പൈസ ചെലവ് വന്നിട്ടുള്ള ഫീൽ ഗുഡ് സിനിമയാണ് പാച്ചു. ആ ക്വാളിറ്റി സ്‌ക്രീനിൽ കാണാം. ആളുകളുടെ വിചാരം കൊലപാതകവും വില്ലമാരെ കൊല്ലുന്ന സിനിമകൾക്ക് ബജറ്റ് കൂടുതലും, അല്ലാത്ത സിനിമയുടെ ചെലവ് കുറവാണെന്നുമാണ്.” അഖിൽ സത്യൻ പറഞ്ഞു.
പാച്ചുവിൽ ഒരുക്കലും ഒരു സാധാരണ ഗോവ സിനിമ പോലെ ബാറുകളും ബീച്ചും ബിയറു കുപ്പികളോ കാണാൻ പറ്റില്ല. ഗോവയുടെ അകത്ത് അത്തരം ഒരു ചേരി ഉണ്ടെന്ന് തന്നെ നമ്മുക്ക് അറിയില്ലായിരുന്നു. മുംബൈയുടെ ഉള്ളിലൂടെ നമ്മൾ പോയിട്ടുണ്ട്. ഇതൊക്കെ പൈസ ആവശ്യം ഉള്ള കാര്യങ്ങളാണ്. ബോളിവുഡിൽ നിന്നുള്ള അഖിൽ രാധാകൃഷ്ണൻ ആണ് ഇതിന്റെ സൗണ്ട് ചെയ്തിട്ടുള്ളത്. രാജീവൻ പോലുള്ള ഇന്ത്യ മുഴുവൻ ചെയുന്ന ഒരാളെ വരുന്നു. ക്രാഫ്റ്റ് ചെയ്യാൻ വേറൊരാൾ വരുന്നു. എനിക്ക് തോന്നുന്നില്ല ഈ സിനിമ ഒടിടിയിൽ ഇത്രയും ആസ്വദിക്കാൻ പറ്റുമെന്ന്,’ അഖിൽ സത്യൻ പറഞ്ഞു.
അഖിൽ സത്യന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. അതേ സമയം ‘സർവ്വം മായ’ തിയേറ്ററിൽ എത്തി അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണിത്.