“നിവിൻ പോളിയുമായി വഴക്കായി, സിനിമ ഉപേക്ഷിക്കാന്‍ പോലും ആലോചിച്ചിരുന്നു”; അഖിൽ സത്യൻ

','

' ); } ?>

നിവിൻ പോളിയുമായുള്ള വഴക്കിൽ ‘സര്‍വ്വം മായ’ സിനിമ ഉപേക്ഷിക്കാന്‍ പോലും ആലോചിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ അഖിൽ സത്യൻ. “റാണിക്ക് നന്നായി പറയാനും നിവിന് നന്നായി ഉള്‍ക്കൊള്ളാനും സാധിച്ചിരുന്നില്ലെന്നും, സിനിമയിലുള്ള വിശ്വാസം കാരണമാണ് തിരികെ വന്നതെന്നും അഖിൽ സത്യൻ പറഞ്ഞു. കൂടാതെ പത്ത് വര്‍ഷം അച്ഛന്റെ കൂടെ ജോലി ചെയ്തതിന്റെ ക്ലാരിറ്റിയാണ് സിനിമയുണ്ടാകാൻ കാരണമെന്നും, നിവിന്‍ നടന്‍ എന്ന നിലയില്‍ ഭയങ്കര ബുദ്ധയുള്ള ആളാണെന്നും അഖിൽ കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സര്‍വ്വം മായയുടെ ബിടിഎസില്‍ കാണുന്ന സന്തോഷമൊക്കെ റിയല്‍ ആണെങ്കിലും എഴുത്ത് വേദനിപ്പിക്കുന്നതായിരുന്നു. ഒരു ഘട്ടത്തില്‍ ഞാനും നിവിനും വഴക്കിട്ടിട്ടുണ്ട്. ഇത് എവിടെയും എത്തില്ലെന്ന് കരുതി സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ട് വഴിക്ക് പോകാമെന്ന് കരുതിയതായിരുന്നു. പക്ഷെ സിനിമയിലുള്ള വിശ്വാസം കാരണമാണ് തിരികെ വരുന്നത്. ഞാന്‍ തിരക്കഥ എഴുതിക്കഴിഞ്ഞിരുന്നു. പക്ഷെ എന്റെ നരേഷന്‍ മോശമായിരുന്നു. നിവിനും ആ സമയത്ത് വേറെന്തോ ചിന്തകളിലായിരുന്നു. എനിക്ക് നന്നായി പറയാനും നിവിന് നന്നായി ഉള്‍ക്കൊള്ളാനും സാധിച്ചിരുന്നില്ല. ഒരു ഇടവേളയെടുത്ത ശേഷമാണ് തിരികെ വരുന്നത്. അപ്പോഴേക്കും ഞാനും നിവിനും മാനസികമായി പീസ്ഫുള്‍ ആയി മാറിയിരുന്നു”. അഖിൽ സത്യൻ പറഞ്ഞു

”ഞാന്‍ അപ്പോഴേക്കും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ഒരു അനുഗ്രഹം പോലെയാണ് അച്ഛനൊപ്പം ഒരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചത്. ഞാന്‍ കുറച്ച് ശാന്തനായി. നിവിനും മാനസുകൊണ്ട് നല്ല സ്‌പേസിലേക്ക് വന്നു. യാദൃശ്ചികമായി തിരുവനന്തപുരത്ത് വച്ച് കണ്ടുമുട്ടുകയായിരുന്നു. അപ്പോള്‍ കഥയൊന്ന് തിരിച്ചും മറിച്ചുമിട്ട് പറഞ്ഞു. ആ നരേഷന്‍ നിവിന് ഇഷ്ടപ്പെട്ടു. നിവിന്‍ നടന്‍ എന്ന നിലയില്‍ ഭയങ്കര ബുദ്ധയുള്ള ആളാണ് . നിവിന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നത് എനിക്ക് കാണാന്‍ സാധിച്ചു. അപ്പോള്‍ നമുക്ക് ഷൂട്ട് ചെയ്താലോ എന്ന് ചോദിച്ചു. മൂന്ന് ദിവസം ഫ്രീയാണ് പറ്റുമോ എന്ന് ചോദിച്ചു. ചെയ്യാമെന്ന് ഞാനും പറഞ്ഞു. നല്ലൊരു ടീമുണ്ട്. അതിനാലാണ് അത് പറയാന്‍ സാധിക്കുന്നത്. അല്ലാതെ അതൊരു ബ്ലൈന്റ് പ്രോമിസ് ആയിരുന്നില്ല. പത്ത് വര്‍ഷം അച്ഛന്റെ കൂടെ ജോലി ചെയ്തതിന്റെ ക്ലാരിറ്റിയാണ് അത് പറയിപ്പിക്കുന്നത്.” അഖില്‍ സത്യന്‍ കൂട്ടിച്ചേർത്തു.

അഞ്ച് ദിവസത്തില്‍ അമ്പത് കോടി പിന്നിട്ട ചിത്രം നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ ഒരുക്കിയ ചിത്രം കൂടിയാണ് ‘സര്‍വ്വം മായ’. ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. നല്ല ഫീൽ ഗുഡ് സിനിമയാണന്നും നിവിൻ തിരിച്ചുവന്നിരിക്കുന്നു എന്നുമാണ് അഭിപ്രായങ്ങൾ. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ.