
അന്തരിച്ച കലാസംവിധായകൻ കെ ശേഖറിനെ അനുസ്മരിച്ച് സംവിധായകൻ പ്രിയദർശൻ. AIയും ആനിമേഷനും ഒക്കെ വരുന്നതിനുമുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ അത്ഭുതകരമായ ആര്‍ട്ട് ഡയറക്ഷന്‍ ചെയ്ത് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത് ശേഖര്‍ ആണെന്നും, ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു ശേഖറെന്നും പ്രിയദർശൻ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“പ്രിയപ്പെട്ട ശേഖര്‍, നിനക്കെന്റെ ആയിരം ആദരാഞ്ജലികള്‍. കോളേജ് പഠനകാലത്ത് ഞാന്‍ കണ്ട ഏറ്റവും ബുദ്ധിമാനും എന്നെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും പ്രചോദനം നല്‍കിയ സുഹൃത്തുമായിരുന്നു നീ. സിനിമയുടെ ലോകത്തേക്ക് നിന്നെ വലിച്ചിഴച്ചത് ഞാനാണ്. AIയും ആനിമേഷനും ഒക്കെ വരുന്നതിനുമുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ അത്ഭുതകരമായ ആര്‍ട്ട് ഡയറക്ഷന്‍ ചെയ്ത് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത് നീയാണ്. പിന്നെ നീ സിനിമയില്‍ നിന്ന് മാറി സഞ്ചരിച്ചു. ഇഷ്ടവഴികളിലൂടെ സ്വന്തം ഇഷ്ടം പോലെ നടക്കുന്നതായിരുന്നല്ലോ നിന്റെ ശീലം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിനുശേഷം നീ സിനിമ വേണ്ടെന്നുവെച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു ശേഖര്‍. വിപ്ലവകരമായ പ്രൊഡക്ഷന്‍ ഡിസൈനിലൂടെ ദൃശ്യവിസ്മയം തീര്‍ത്ത മഹാകലാകാരന്‍. ഒരിക്കല്‍കൂടി നിനക്കെന്റെ പ്രണാമം.” പ്രിയദർശൻ കുറിച്ചു.
ശനിയാഴ്‌ച രാവിലെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു ശേഖറിന്റെ അന്ത്യം. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്ത’ന്റെ കലാസംവിധായകനായിരുന്നു ശേഖർ. ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനരംഗത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി ഒരുക്കിയത് ശേഖറാണ്. കൊമേഴ്സ് അധ്യാപികയായിരുന്ന ജയന്തി ശേഖറാണ് ഭാര്യ. ശനിയാഴ്ച വൈകീട്ട് നലര വരെ സ്റ്റാച്യൂ ജങ്ഷനിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.