
നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ സുനിൽ ദാസ് എന്ന സുനിൽ സ്വാമി ശ്രീനിവാസന്റെ കുടുംബം അറിയാതെയാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കി സംവിധായകൻ പി.ജി പ്രേംലാൽ. പിടിച്ച് അകത്തിടേണ്ട ആൾദൈവങ്ങളുടെ കൂട്ടത്തിൽ ശ്രീനിവാസൻ പറഞ്ഞ പേരാണ് മുതലമടയിലെ സുനിൽ സ്വാമിയുടേതെന്നും തൻ്റെ സംസ്‌കാരച്ചടങ്ങിൽ അതേ വ്യക്തി കാർമ്മികനെപ്പോലെ അരങ്ങേറുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ലെന്നും പ്രേംലാൽ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ഒരിക്കൽ, ശ്രീനിയേട്ടനൊപ്പം കണ്ടനാട്ടെ വീട്ടിൽ ഇരിക്കുമ്പോൾ കേരളത്തിൽ പെരുകിവരുന്ന ആൾദൈവങ്ങൾ സംസാരവിഷയമായി. 2008-ൽ വിഎസിൻ്റെ കാലത്ത് സന്തോഷ് മാധവനിൽ തുടങ്ങി ചില ആൾദൈവങ്ങളെ പിടിച്ച് അകത്തിട്ട ധീരത പിന്നീട് വന്ന ഗവൺമെന്റുകളൊന്നും കാണിക്കാത്തതുകൊണ്ടാണ് നാട്ടിൽ വീണ്ടും ആൾദൈവങ്ങളുടെ ചാകരയെന്ന് ശ്രീനിയേട്ടൻ പറഞ്ഞു. മതങ്ങളെയും വിശ്വാസക്കച്ചവടത്തെയുമൊക്കെ മുൻനിർത്തി ഒരു സിനിമ ശ്രീനിയേട്ടൻ എഴുതണമെന്ന് ഞാനും പറഞ്ഞു. അന്ന് സംഭാഷണമധ്യേ, പിടിച്ച് അകത്തിടേണ്ടവരും അകത്തിടപ്പെട്ടവരുമായ ആൾ ദൈവങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ കടന്നുവന്ന ഒരു പേരാണ് മുതലമടയിലെ സുനിൽ സ്വാമി ! വർഷങ്ങൾക്കുശേഷം, തൻ്റെ സംസ്ക്കാരച്ചടങ്ങിൽ അതേ വ്യക്തി കാർമ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടൻ സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല. അന്ന് അവിടെ ദൃക്സാക്ഷിയായി നിൽക്കുമ്പോൾ, ശ്രീനിയേട്ടൻ എഴുതാതെ പോയ ഏറ്റവും ട്രാജിക് ആയ ഒരു സോഷ്യൽ സറ്റയർ രംഗം പോലെ ആ കാഴ്ച്‌ച അനുഭവപ്പെടുകയുണ്ടായി.” പി.ജി പ്രേംലാൽ കുറിച്ചു.
“വെള്ള പുതച്ച് സുനിൽസ്വാമി ശ്രീനിയേട്ടനു ചുറ്റും നിറഞ്ഞാടുന്നത് കണ്ടുകൊണ്ട് നില്ക്കുമ്പോൾ ആദ്യം ഞാൻ കരുതിയത് അതും വിമലച്ചേച്ചിയുടെ ഇഷ്ടമെന്നാണ്. പക്ഷേ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു, അതങ്ങനെയല്ലെന്ന് യഥാർത്ഥത്തിൽ, ഇത്തരം മനുഷ്യരെ ശ്രീനിയേട്ടൻ മുമ്പേ മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ‘ഇത് ഞങ്ങളുടെ ഡെഡ്‌ബോഡിയാണ്’ എന്ന് അവകാശപ്പെട്ട് മൃതശരീരം ഏറ്റെടുക്കാൻ മത്സരിച്ച്, ഇടിച്ചുകയറി വരുന്ന രാഷ്ട്രീയക്കാരെ ‘സന്ദേശ’ത്തിൽ നാം കണ്ടതാണല്ലോ ! ഇത് രാഷ്ട്രീയക്കാരനായിരുന്നില്ല, മറിച്ച് ഒരു ഫ്രോഡ് സ്വാമിയായിരുന്നു എന്നു മാത്രം! താനെഴുതിയ പഴയ രംഗത്തിലെ കഥാപാത്രങ്ങളെ വച്ചുമാറി മൂകസാക്ഷിയായി കിടന്നു, തൻ്റെ അവസാനരംഗത്തിൽ ശ്രീനിയേട്ടൻ ! ലോകത്തെ ട്രോളിയും സ്വയം ട്രോളിയും ഒരു ജീനിയസ്സിന്റെ സറ്റയറിക്കൽ ലാസ്‌റ്റ് സീൻ…ലാസ്‌റ്റ് ഷോട്ട്.” പ്രേം ലാൽ കൂട്ടിച്ചേർത്തു.