“ശബ്ദം കൊണ്ട് ആത്മാവിനെ തൊടുന്ന കലാകാരൻ”; ഷഹബാസ് അമന് ജന്മദിനാശംസകൾ

','

' ); } ?>

തന്റെ സംഗീതത്തിന്റെ രാഷ്ട്രീയം പ്രേമമാണെന്ന് ഉറക്കെ പറഞ്ഞൊരു ഗായകൻ. അയാൾ പാടുമ്പോൾ ഹൃദയം കൊണ്ട് കേൾക്കുകയും ആത്മാവ് കൊണ്ട് സ്വീകരിക്കുകയും ചെയ്യുന്നൊരു വലിയ കൂട്ടം സംഗീത പ്രേമികൾ തന്നെയുണ്ട് മലയാളത്തിൽ. മലയാള സംഗീതലോകത്ത് ശബ്ദം കൊണ്ടും നിലപാട് കൊണ്ടും തന്റേതായൊരു മുദ്ര പതിപ്പിച്ച അതുല്യ പ്രതിഭ “ഷഹബാസ് അമൻ”. ശാന്തമായി ഒഴുകുന്ന നദിപോലെ, ആഴത്തിൽ സ്പർശിക്കുന്ന സ്വരമാണ് അദ്ദേഹത്തിന്റേത്. ഗസലും സൂഫി സംഗീതവും മലയാളിയുടെ ഹൃദയഭാഷയാക്കി മാറ്റിയ ഈ ഗായകൻ ഇന്ന് തന്റെ ജനംദിനമാഘോഷിക്കുകയാണ്. ഒരു വ്യക്തി എന്നതിനപ്പുറത്തേക്ക് മലയാള സംഗീതത്തിന്റെ ഒരു മനോഹരമായ അധ്യായം കൂടി ഓർമിക്കപ്പെടുന്ന ദിനം കൂടിയാണിന്ന്. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1969 ഡിസംബർ 27-ന് മലപ്പുറം ജില്ലയിലെ കോട്ടക്കുന്നിൽ ജനിച്ച ഷഹബാസ് അമന്റെ ജീവിതം, സംഗീത പാരമ്പര്യങ്ങളില്ലാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ആരംഭിക്കുന്നത്. കെ.എസ്.ആർ.ടി.സി. ഡ്രൈവറായിരുന്ന മരയ്ക്കാറിന്റെയും കുഞ്ഞിപ്പാത്തുവിന്റെയും അഞ്ചു മക്കളിൽ മൂന്നാമനായി ജനിച്ച ഷഹബാസ്, ബാല്യത്തിൽ ‘റഫീക്ക്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സംഗീതം വീട്ടിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതല്ലെങ്കിലും, ജീവിതത്തിന്റെ നിസ്സാരമായ അനുഭവങ്ങളിൽ നിന്ന് സംഗീതം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് ഷഹബാസിനെ വ്യത്യസ്തനാക്കുന്നത്. മലപ്പുറം എയുപി സ്കൂളിലായിരുന്നു ഷഹബാസിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് അറബി കോളേജിൽ പഠിച്ചു. എന്നാൽ ജീവിത സാഹചര്യങ്ങൾ അദ്ദേഹത്തെ പരമ്പരാഗത അക്കാദമിക് വഴികളിൽ നിന്ന് അകറ്റി. സ്വകാര്യ രജിസ്ട്രേഷൻ വഴിയാണ് അദ്ദേഹം എസ്.എസ്.എൽ.സി. പൂർത്തിയാക്കിയത്. ഔപചാരികമായ സംഗീത വിദ്യാഭ്യാസം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. എന്നാൽ അതൊരു കുറവായി മാറിയില്ല മറിച്ച്, സംഗീതത്തെ അനുഭവത്തിന്റെ, ആത്മാവിന്റെ, ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാൻ അതു സഹായിച്ചു.

ഷഹബാസ് അമന്റെ ജീവിതത്തിൽ ആദ്യ സംഗീതാനുഭവം സമ്മാനിച്ചത് അദ്ദേഹത്തിന്റെ ഉമ്മയാണ്. കുഞ്ഞിനെ ഉറക്കാൻ പാടിയിരുന്ന ആ നാടൻ പാട്ടുകളിലാണ് സംഗീതത്തിന്റെ വിത്തുകൾ അദ്ദേഹത്തിന്റെ മനസ്സിൽ വിതഞ്ഞത്. പിന്നീട്, കെ.പി.എ. സമദ് എന്ന ഗുരുനാഥന്റെ അനുഗ്രഹത്തോടുകൂടി നടത്തിയ മൂന്നരമണിക്കൂർ നീണ്ട ഗസൽ പരിപാടിയാണ് ചിത്രകാരനായിരുന്ന ഷഹബാസിനെ പൂർണ്ണമായും ഒരു ഗായകനാക്കി മാറ്റിയത്. ഹാർമോണിയ ഗുരുവായ ഗഫൂർ ഭായിയിൽ നിന്ന് ലഭിച്ച സംഗീതപാഠങ്ങൾ, അദ്ദേഹത്തെ സൂഫി സംഗീതത്തിന്റെയും ഗസലിന്റെയും ലോകത്തേക്ക് നയിച്ചു.

അടുത്ത കാലത്ത് മലയാളത്തിൽ ഗസലുകൾക്ക് വീണ്ടും ഒരു പുതുജീവൻ നൽകിയ കലാകാരനാണ് ഷഹബാസ് അമൻ. സൂഫി സംഗീതത്തിന്റെ ആത്മീയതയും ഗസലിന്റെ പ്രണയഭാവവും ചേർത്ത് അദ്ദേഹം സൃഷ്ടിച്ച സംഗീതലോകം അതുല്യമാണ്. പി. ഭാസ്കരൻ, ബാബുരാജ്, പി.ടി. അബ്ദുറഹ്മാൻ തുടങ്ങിയ മഹാന്മാരുടെ ഗാനങ്ങളെ പുതുമയോടെ അവതരിപ്പിച്ച അദ്ദേഹം, സച്ചിദാനന്ദന്റെ “മകരക്കുളിർ മഞ്ഞിൽ…”, മാധവിക്കുട്ടിയുടെ “അലയൊതുങ്ങിയ കടൽക്കരയിൽ…”, റഫീക്ക് അഹമ്മദിന്റെ “മഴ കൊണ്ടുമാത്രം…” തുടങ്ങിയ കവിതകൾക്ക് സ്വരജീവൻ പകർന്നു.

മലയാള സംഗീതത്തിൽ ആൽബങ്ങൾ വലിയൊരു സാംസ്കാരിക പ്രസ്ഥാനമായിരുന്ന കാലത്ത്, ഷഹബാസ് അമന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. ആഷിയാന – ന്യൂ ജനറേഷൻ മലബാറി സോങ്സ്, സോൾ ഓഫ് അനാമിക ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്, നീയും നിലാവും, ജൂൺ മഴയിൽ, സഹയാത്രികേ, അലകൾക്ക് തുടങ്ങിയ ആൽബങ്ങൾ അദ്ദേഹത്തിന്റെ സംഗീതപരമായ സഞ്ചാരത്തിന്റെ സാക്ഷ്യങ്ങളാണ്. പ്രത്യേകിച്ച് ‘സോൾ ഓഫ് അനാമിക ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന ആൽബം, അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും സംഗീതത്തിലേക്കും പ്രണയത്തിന്റെ ഒരു പുതിയ അർത്ഥം കൊണ്ടുവന്നു. ഭാര്യ അനാമിക അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ പ്രചോദനവും.

2005-ൽ വിദ്യാസാഗർ സംഗീതം നൽകിയ “ചാന്തു കുടഞ്ഞൊരു…” എന്ന ഗാനത്തിലൂടെ പിന്നണി ഗായകനെന്ന നിലയിൽ ഷഹബാസ് അമൻ നടത്തിയ അരങ്ങേറ്റം ശ്രദ്ധേയമായിരുന്നു. ‘ചാന്തുപൊട്ട്, ചോക്കളേറ്റ്, അന്നയും റസൂലും, മായാനദി, സ്പിരിറ്റ്, ഇന്ത്യൻ റുപ്പി, പത്തേമാരി, ബാല്യകാലസഖി, ബാവൂട്ടിയുടെ നാമത്തിൽ, റോസ് ഗിറ്റാറിനാൽ’ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം പാടിയ ഗാനങ്ങൾ മലയാളിയുടെ ഹൃദയത്തിൽ ഇടം നേടി. എന്നാൽ സിനിമയിൽ അതിപ്രസന്നമായ തിരക്കിലേക്ക് പോകാതെ, തന്റെ സംഗീതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. “വളരെ കുറച്ച് സിനിമാഗാനങ്ങൾ പാടിയാലും, അതിൽ ആത്മാവ് ഉണ്ടാകണം” എന്ന നിലപാടിലാണ് ഷഹബാസ്.

ഗായകനെന്നതിലുപരി, സംഗീതസംവിധായകനായും ഷഹബാസ് അമൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ റുപ്പി (ഈ പുഴയും…), പകൽ നക്ഷത്രം (പകരുകാ നീ…), സ്പിരിറ്റ് (മരണമെത്തുന്ന നേരത്ത്…) എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. എന്നാൽ സിനിമയ്ക്ക് പുറത്തുള്ള ആൽബങ്ങളിലാണ് അദ്ദേഹത്തിന്റെ സംഗീതസംവിധായകപ്രതിഭ ഏറ്റവും കൂടുതൽ തെളിഞ്ഞത്. മാധവിക്കുട്ടി, സച്ചിദാനന്ദൻ, കടമ്മനിട്ട, ഡി. വിനയചന്ദ്രൻ, റോസ്മേരി, റഫീഖ് അഹമ്മദ്, ഒ.എൻ.വി. കുറുപ്പ് തുടങ്ങിയ മഹാകവികളുടെ കവിതകൾക്ക് അദ്ദേഹം നൽകിയ ഈണങ്ങൾ, കവിതയെയും സംഗീതത്തെയും ഒരേ ആത്മാവിൽ ലയിപ്പിക്കുന്നു.

മായാനദിയിലെ “മിഴിയിൽ നിന്ന്…” എന്ന ഗാനത്തിന് 2017-ൽ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷഹബാസ് അമൻ, 2020-ലും ഇതേ പുരസ്കാരം നേടി. ഈ അംഗീകാരങ്ങൾ, അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ ആഴത്തിനും ആത്മാർത്ഥതയ്ക്കും ലഭിച്ച അംഗീകാരങ്ങളാണ്.

ചിത്രകാരനും ഫുട്ബോൾ കളിക്കാരനും പ്രകൃതിസ്നേഹിയുമായ ഷഹബാസ് അമൻ, തന്റെ എല്ലാ ഭാവങ്ങളുടെയും കൂട്ടിച്ചേരലാണ് സംഗീതമെന്ന് പറയുന്നു. ബാങ്കുവിളിയിലും ഓത്തുചൊല്ലലിലും പോലും സംഗീതാത്മകത കണ്ടെത്തുന്ന അദ്ദേഹത്തിന്, ഫുട്ബോളിൽ നിന്നാണ് ഏതു ആൾക്കൂട്ടത്തിനുമുന്നിലും പാടാനുള്ള ധൈര്യം ലഭിച്ചത്. ലൈവ് ഷോകളെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറയുന്നത് ശ്രദ്ധേയമാണ്. “ലൈവ് ഷോകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മാത്രമേ ഒരാൾ യഥാർത്ഥ ഗായകനാണെന്ന് ഞാൻ വിശ്വസിക്കുന്നുള്ളൂ. ഡിജിറ്റൽ സഹായമില്ലാതെ, വേദിയിൽ നിൽന്ന് സ്വരത്തെ മാത്രം ആശ്രയിച്ച് പാടുമ്പോഴാണ് ഗായകന്റെ യഥാർത്ഥ ശക്തി തെളിയുന്നത്.”

“എല്ലാവരോടും സ്നേഹം” എന്നു പറഞ്ഞ് എഴുതി നിർത്താറുള്ള ഷഹബാസ് അമൻ, തന്റെ സംഗീതത്തിലൂടെയും അതേ സന്ദേശമാണ് നൽകുന്നത്. ദുഖഭരിതവും ഭാവപൂർണ്ണവുമായ ശബ്ദത്തിൽ പ്രണയത്തിന്റെയും വേർപാടിന്റെയും ആത്മീയതയുടെയും എല്ലാ നിറങ്ങളും നിറയ്ക്കുന്ന ഈ ഗായകൻ, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മലയാള സംഗീതത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ഇന്ന് ശബ്ദത്തിലൂടെ ആത്മാവിനെ തൊടുന്ന ഈ കലാകാരന്‍, കൂടുതൽ സംഗീതയാത്രകളും പുതുമകളുമുള്ള വർഷങ്ങൾ ആശംസിക്കാം. ശാന്തമായി ഒഴുകുന്ന നദിപോലെ, മലയാളിയുടെ ഹൃദയത്തിലൂടെ എന്നും ഒഴുകട്ടെ. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.