“വീടിന് മുകളിൽ ഡ്രോൺ പറത്തി അനധികൃതമായി കുടുംബാംഗങ്ങളുടെ ദൃശ്യം പകർത്തി”; വാർത്താ ചാനലുകൾക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

','

' ); } ?>

അനുമതിയില്ലാതെ സ്വകാര്യതയിലേക്ക് കടന്നു കയറിയെന്നാരോപിച്ച് വാർത്താ ചാനലുകൾക്കെതിരെ പരാതിയുമായി നടൻ ദിലീപിന്റെ സഹോദരി ജയലക്ഷ്‌മി. ദിലീപിൻ്റെ വീടിന് മുകളിൽ ഡ്രോൺ പറത്തി അനധികൃതമായി കുടുംബാംഗങ്ങളുടെ ദൃശ്യം പകർത്തിയെന്നാണ് ആരോപണം. “അനധികൃതമായും നിയമ വിരുദ്ധമായും വീടിന് മുകളിലൂടെ ഡ്രോൺ പറത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കുടുംബാംഗങ്ങളുടെ ദൃശ്യങ്ങൾ പകർത്തി മീഡിയ വഴി പ്രചരിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ആലുവ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

2025 ഡിസംബർ 8-ന് ആലുവയിലെ ‘പത്മസരോവരം’ എന്ന വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പ്രധാന പരാതി. നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്‌തിരുന്നു.

അതേ സമയം കേസിൽ അപ്പീൽ നൽകാൻ സർക്കാകർ അനുമതി നൽകിയിരിക്കുകയാണ്. ക്രിസ്‌മസ്‌ അവധിക്കുശേഷം ഹൈക്കോടതി തുറക്കുമ്പോൾ അപ്പീൽ നൽകും. ഈ മാസം 12-ാം തീയതി വന്ന കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്. ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസാര കാരണങ്ങൾ പറഞ്ഞെന്ന് അപ്പിലീൽ ചുണ്ടിക്കാട്ടും.

കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.

2017 ഫെബ്രുവരി 17-നാണ് കേസിനാസ്‌പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. പ്രതിഭാഗം 221 രേഖകൾ ഹാജരാക്കി. കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.